
അജ്മാന്‍: ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് അജ്മാനില്‍ മലയാളികള്‍ക്കായി ഈദ് ഗാഹ് ഒരുങ്ങുന്നു. അജ്മാന്‍ ഔഖാഫിന്റെ സഹകരണത്തോടെ അല്‍ ജര്‍ഫിലെ ഹാബിറ്റാറ്റ് സ്‌കൂളിലാണ് മലയാളം ഖുതുബയോടെ ഈദ് ഗാഹ് സജ്ജമാക്കിയിട്ടുള്ളത്. ഇതാദ്യമായിട്ടാണ് എമിറേറ്റില്‍ മലയാളം ഖുതുബയോടെ ഈദ് ഗാഹ് ഒരുങ്ങുന്നത്. അജ്മാന്‍ ഔഖാഫിലെ ഇമാമായ ഉസ്താദ് ജുനൈദ് ഇബ്രാഹിമാണ് പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുക. രാവിലെ 6.35 നായിരിക്കും പെരുന്നാള്‍ നമസ്‌കാരമെന്നും വുദുവെടുത്ത് മുസല്ലയുമായി എത്തിച്ചേരാമെന്നും സംഘാടകര്‍ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നമസ്‌കാരത്തിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യവുമുള്ള സ്‌കൂള്‍ പരിസരത്തേക്ക് ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ എമിറേറ്റുകളില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാനും സാധിക്കും.