സുപ്രിംകോടതി വിധി ലംഘിച്ച് അജ്മീര്‍ ദര്‍ഗയ്‌ക്കെതിരായ കേസ് പരിഗണിച്ച് സിവില്‍ കോടതി; ഹൈക്കോടതിയില്‍ ഹരജി നല്‍കി പണ്ഡിതര്‍

ജയ്പൂര്‍: അജ്മീറിലെ മൊയ്‌നുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ നിലനില്‍ക്കുന്ന പ്രദേശത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന് ആരോപിക്കുന്ന അന്യായത്തിലെ സിവില്‍കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹരജി. ആരാധനാലയ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സിവില്‍ കേസുകളില്‍ നടപടികള്‍ പാടില്ലെന്ന സുപ്രിംകോടതി വിധി ലംഘിച്ച് സിവില്‍കോടതി നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് ദര്‍ഗയിലെ പണ്ഡിതരുടെ സംഘടന നല്‍കിയ ഹരജി ചൂണ്ടിക്കാട്ടി. നവംബറില്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിട്ടും ഡിസംബറിലും ജനുവരിയിലും സിവില്‍കോടതി കേസ് പരിഗണിച്ചെന്ന് ഹരജിക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍, ഈ ഹരജിയെ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജ്ദീപക് രസ്‌തോഗി എതിര്‍ത്തു. സിവില്‍ കോടതിയിലെ ഹരജിയില്‍ ഈ ഹരജിക്കാര്‍ കക്ഷിയല്ലെന്നും അതിനാല്‍ ഹരജി തള്ളണമെന്നുമായിരുന്നു വാദം. എന്നാലും കേസ് പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് അടുത്ത ആഴ്ച്ചയാണ് ഇനി പരിഗണിക്കുക.
ദര്‍ഗ നിലനില്‍ക്കുന്ന സ്ഥലത്ത് സങ്കട് മോചന്‍ മഹാദേവ ക്ഷേത്രം നിലനിന്നിരുന്നു എന്ന ആരോപണം ഉന്നയിച്ച് ഹിന്ദുസേന എന്ന സംഘടനയുടെ പ്രസിഡന്റായ വിഷ്ണു ഗുപ്ത എന്നയാളാണ് സിവില്‍ കോടതിയില്‍ അന്യായം നല്‍കിയിരുന്നത്. ദര്‍ഗ പൊളിച്ചുനീക്കണമെന്നും പ്രദേശത്ത് പ്രാര്‍ഥിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
അജ്മീര്‍ ദര്‍ഗ സ്‌ഫോടനം 2007
2007 ഒക്ടോബര്‍ 11ന് റമദാനിലെ ഇഫ്താറിന് മുമ്പ് അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടിഫിന്‍ ബോക്‌സില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. കേസ് അന്വേഷിച്ച രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സേന സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയിബ എന്ന സംഘടനയാണ് എന്നാണ് ആരോപിച്ചത്. എന്നാല്‍, അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. 2010ല്‍ സ്വാമി അസീമാനന്ദ് നടത്തിയ കുറ്റസമ്മതത്തോടെയാണ് കേസിന്റെ ഗതി മാറിയത്. സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ സംഘടനകളാണ് എന്നാണ് സ്വാമി അസീമാനന്ദ് വെളിപ്പെടുത്തിയത്. അജ്മീര്‍ സ്‌ഫോടനത്തിന് പുറമെ ഹൈദരാബാദിലെ മക്കാ മസ്ജിദ് സ്‌ഫോടനം, മഹാരാഷ്ട്രയിലെ മലേഗാവ് സ്‌ഫോടനം, സംജോത എക്‌സ്പ്രസ് സ്‌ഫോടനം എന്നിവയുടെ ഉത്തരവാദിത്തവും അസീമാനന്ദ് വെളിപ്പെടുത്തി.
ഇതോടെ പ്രതിസ്ഥാനത്ത് നിന്ന് മുസ്‌ലിം സംഘടനകള്‍ മാറി ഹിന്ദുത്വര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്ന ദേവേന്ദ്ര ഗുപ്ത, ഭവേഷ് ഭായ് പട്ടേല്‍, സുനില്‍ ജോഷി, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലെവി, ഹര്‍ഷാദ് സോളങ്കി, മെഹുല്‍ കുമാര്‍, മുകേശ് വാസ്‌നി, ഭരത് ഭായ് എന്നിവരെയും പ്രതിചേര്‍ത്തു. കേസില്‍ 2017 മാര്‍ച്ച് 22ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്തയേയും ഭവേഷ് ഭായ് പട്ടേലിനെയും എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുനില്‍ ജോഷി അതിന് മുമ്പ് തന്നെ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.