എകെജി സെന്റര്‍ ആക്രമണ കേസ്: ഒരാളെ കൂടി പ്രതി ചേര്‍ത്തു, ഇയാള്‍ വിദേശത്തേക്ക് കടന്നതായി പോലിസ്
നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുബീഷിനെയാണ് പ്രതിയാക്കിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്തെ എകെജി സെന്റര്‍ ആക്രമണ കേസില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തു. നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുബീഷിനെയാണ് പ്രതിയാക്കിയത്. സുബീഷിന്റെ സ്‌കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിന്‍ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു.
എകെജി സെന്റര്‍ ആക്രണത്തിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ ഉപയോഗിച്ചിരുന്ന ഡിയോ സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ െ്രെഡവറുടെയാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സംഭവ ദിവസം ഈ സ്‌കൂട്ടര്‍ രാത്രി പത്തരയോടെ ഗൗരിശപട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ നവ്യയാണ്. സുഹൃത്തായ നവ്യ എത്തിച്ച സ്‌കൂട്ടറോടിച്ച് എകെജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം ജിതിന് ഗൗരിശപട്ടത്ത് മടങ്ങിയെത്തി.
തുടര്‍ന്ന് നവ്യക്ക് സ്‌കൂട്ടര്‍ കൈമാറിയ ശേഷം സ്വന്തം കാറിലാണ് ജിതിന്‍ പിന്നീട് യാത്ര ചെയ്തത് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രാത്രിയില്‍ ജിതിന്റെ പേരിലുള്ള കാറും പിന്നാലെ ഡിയോ സ്‌കൂട്ടറും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേസന്വേഷണത്തില്‍ പ്രധാന തുമ്പായിരുന്നു. ചോദ്യം ചെയ്യലില്‍ ജിതിന് സ്‌കൂട്ടറെത്തിച്ച കാര്യം നവ്യ സമ്മതിച്ചിട്ടുണ്ട്.