മണിക്കൂറുകള്‍ക്കിടെ രണ്ട് കൊലപാതകങ്ങള്‍; ആലപ്പുഴയില്‍ സര്‍വകക്ഷിയോഗം വിളിച്ച് ജില്ലാ കലക്ടര്‍
ആലപ്പുഴ: സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ ആലപ്പുഴയില്‍ സര്‍വകക്ഷിയോഗം വിളിച്ച് ജില്ലാ കലക്ടര്‍. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ കലക്ട്രേറ്റില്‍ വച്ചാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.
12 മണിക്കൂറിന്റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ബിജെപിയുടെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന വിമര്‍ശനവും ശക്തമാണ്. സംസ്ഥാന സെക്രട്ടറിയെ കൊലപ്പെടുത്തിയതിലൂടെ ആര്‍എസ്എസ് കലാപത്തിന് ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചന വ്യക്തമായിരുന്നു. വത്സന്‍ തില്ലങ്കേരി ഉള്‍പ്പടെ ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി നേതാക്കള്‍ ആലപ്പുഴയില്‍ എത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് കൊലപാതകം അരങ്ങേറിയത്.
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കാലുഷ്യം താരതമ്യേന കുറഞ്ഞ ആലപ്പുഴ ജില്ല അവിശ്വസനീയതയോടെയാണ് ഇരു കൊലപാതക വാര്‍ത്തകളും കേട്ടത്. എസ്ഡിപിഐ നേതാവ് ഷാന്‍ കഴിഞ്ഞ രാത്രി കൊല്ലപ്പെട്ടിട്ടും തുടര്‍ സാഹചര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ പോലിസ് ശ്രമിച്ചില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.
എസ്ഡിപിഐയുടെ പ്രധാന നേതാവായ ഷാനിന്റെ കൊലപാതക വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നൂറുകണക്കിന് പേരാണ് അര്‍ദ്ധരാത്രിയില്‍ തെരുവിലിറങ്ങിയത്. പോലിസ് സന്നാഹം ശക്തമായി തുടരുന്നതിനിടേ ആലപ്പുഴ നഗരമധ്യത്തില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായത് ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം, ഇന്റലിജന്‍സ് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡിജിപി വിശദീകരണം. എന്നാല്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കെയുള്ള നേതാക്കളുടെ കൊലപാതകം പോലിസിന്റെ പാളിച്ചയാണ്. രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് ഐജി ഹര്‍ഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞത്. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും, എസ്ഡിപിഐ പ്രവര്‍ത്തകരുമുണ്ട്. സംഭവത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലിസ് പറയുന്നത്.