ആക്രമണ ഭീഷണി; ബംഗാളിലെ 77 ബിജെപി എംഎല്‍എമാര്‍ക്കും കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ

കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ തയ്യാറാക്കിയ റിപോര്‍ട്ടും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാളിലേക്ക് അയച്ച ഉന്നത ഉദ്യോഗസ്ഥരുടെ റിപോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്രം എംഎല്‍എമാര്‍ക്ക് സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത്.

Update: 2021-05-11 07:05 GMT

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 77 ബിജെപി എംഎല്‍എമാര്‍ക്കും കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ ഒരുക്കുന്നു. സര്‍ക്കാരിന്റെ ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ആക്രമണ ഭീഷണിയുണ്ടെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ പരിരക്ഷ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

നിയമസഭയിലെ ബിജെപി അംഗങ്ങള്‍ക്ക് സിഐഎസ്എഫിന്റെയും സിആര്‍പിഎഫിന്റെയും സായുധ കമാന്‍ഡോകള്‍ സുരക്ഷയൊരുക്കും. കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ തയ്യാറാക്കിയ റിപോര്‍ട്ടും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാളിലേക്ക് അയച്ച ഉന്നത ഉദ്യോഗസ്ഥരുടെ റിപോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്രം എംഎല്‍എമാര്‍ക്ക് സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത്.

61 എംഎല്‍എമാര്‍ക്ക് ഏറ്റവും താഴ്ന്ന സുരക്ഷയായ 'എക്‌സ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം സിഐഎസ്എഫില്‍നിന്നായിരിക്കും കമാന്‍ഡോകളെ വിന്യസിക്കുക. ബാക്കിയുള്ളവര്‍ക്ക് വൈ കാറ്റഗറിയില്‍പ്പെടുത്തിയുള്ള കേന്ദ്ര ഏജന്‍സിയുടെ സുരക്ഷയായിരിക്കും നല്‍കുക.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് സിആര്‍പിഎഫിന്റെ ഇസഡ് കാറ്റഗറി സുരക്ഷ ഇതിനകം നല്‍കിവരുന്നുണ്ട്. വാശിയേറിയ പോരാട്ടത്തില്‍ ബിജെപിയെ തറപറ്റിച്ചാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ സര്‍ക്കാര്‍ വീണ്ടും ബംഗാളില്‍ അധികാരത്തിലെത്തിയത്. 294 അംഗ നിയമസഭയില്‍ 77 സീറ്റുകള്‍ നേടി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി ബിജെപി മാറി.

Tags:    

Similar News