ഇസ്രായേൽ നശിക്കണമെന്ന് ആഗ്രഹിക്കുന്ന ജൂതന്മാർ! ആരാണ് ഹാരുദി ജൂതന്മാര് ?
ജറുസലേമിലെ മിയാം ശെരീം പ്രദേശം കാലങ്ങളായി ഇസ്രായേലി പോലിസിന് തലവേദനയാണ്. കെട്ടിടങ്ങളിലും വീടുകളിലും പ്രത്യക്ഷപ്പെടുന്ന ഫലസ്തീന്‍ പതാകകളും ചുവര്‍ചിത്രങ്ങളും ഇല്ലാതാക്കലാണ് പോലിസിന്റെ പ്രധാനപണികളിലൊന്ന്. ഇസ്രായേലി സൈന്യം സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞ മാസം ഈ പ്രദേശത്ത് വച്ച് ചിലര്‍ തടയുകയും ചെയ്തു. ഇസ്രായേല്‍ സൈന്യം ഗസയിലും ലബ്‌നാനിലും അധിനിവേശം തുടങ്ങിയ ശേഷം ഈ പ്രദേശത്ത് പോലിസ് നിരന്തരമായി റെയ്ഡ് നടത്തുന്നുണ്ട്. ഫലസ്തീന്‍ പതാകകളുമായി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിരവധി പേരെ ജയിലിലും അടച്ചുകഴിഞ്ഞു.
നാറ്റുറെയ് കാര്‍ട്ട എന്ന ഹാരുദി വിഭാഗത്തില്‍ ഉള്‍പ്പെട്ട ജൂതന്‍മാരാണ് ഈ പ്രദേശത്ത് കൂടുതലായും ജീവിക്കുന്നത്. സയണിസവും ഇസ്രായേല്‍ എന്ന രാജ്യവും ജൂതമത വിശ്വാസത്തിന് എതിരാണെന്നാണ് അവരുടെ വിശ്വാസം. അതിനാല്‍ തന്നെ വോട്ട് ചെയ്യുകയോ സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കുകയോ സര്‍ക്കാര്‍ സഹായം സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഇസ്രായേല്‍ രാജ്യം ഇല്ലാതാക്കി ഭൂമി മുഴുവന്‍ ഫലസ്തീനികള്‍ക്ക് നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
റുസലേമിലെ ഏറ്റവും ശക്തമായ ജൂത മതകേന്ദ്രമാണ് മിയാ ശെരീം. കറുത്ത നിറത്തിലുള്ള കോട്ടുകളും തൊപ്പികളും ധരിച്ചാണ് ഭൂരിപക്ഷം പേരും പുറത്തിറങ്ങുക. ഹീബ്രുവിന് പകരം യീദിഷ് ഭാഷയാണ് ഭൂരിപക്ഷം പേരും സംസാരിക്കുക. ഒമ്പതാം നൂറ്റാണ്ടില്‍ മധ്യ യൂറോപ്പില്‍ രൂപം കൊണ്ട പടിഞ്ഞാറന്‍ ജര്‍മന്‍ ഭാഷയാണിത്.
ഫലസ്തീനിന്റെ യഥാര്‍ത്ഥ തലസ്ഥാനമാണ് ജറുസലേമെന്ന് നാറ്റുറെയ് കാര്‍ട്ടയുടെ റബ്ബിയായ ഷിമോന്‍ റോത്ത് പറയുന്നു. '' ഇസ്രായേല്‍ എന്ന രാജ്യം തന്നെ ദൈവവിരുദ്ധമാണ്. ഞങ്ങള്‍ക്കും കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സയണിസ്റ്റുകള്‍ പറയുന്നത്. അവരുടേത് അല്ലാത്ത ഇസ്രായേല്‍ എന്ന വാക്ക് പോലും അവര്‍ ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ സയണിസ്റ്റുകളുടെ കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടല്‍ ഞങ്ങളുടെ ലക്ഷ്യമാണ്.''
''തോറ ഉയര്‍ത്തിപ്പിടിക്കാനുള്ള ദൈവവുമായുള്ള ഉടമ്പടിയാണ് ജൂതമതം'' -യുഎസിലെ നാറ്റുറെയ് കാര്‍ട്ടയുടെ വക്താവായ റബ്ബി യിസ്രോയില്‍ ഡോവിസ് വൈസ് പറയുന്നു. സയണിസം ജൂതമതത്തെ ദേശീയവാദത്തിലേക്ക് ചുരുക്കി കെട്ടുകയാണെന്നാണ് യിസ്രോയില്‍ ഡോവിസ് വൈസ് പറയുന്നത്. 2011ല്‍ ഇറാനിയന്‍ പ്രസിഡന്റായിരുന്ന മഹ്മൂദ് അഹ്മദി നെജാദുമായി യിസ്രോയില്‍ ഡോവിസ് വൈസ് കൂടിക്കാഴ്ച നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. അക്കാലത്ത് തന്നെ പ്രമുഖരായ ഹിസ്ബുല്ല നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. സയണിസ്റ്റ് പദ്ധതിയെ തകര്‍ക്കാനുള്ള ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും നല്‍കി.
ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി ഭരണകാലത്ത് തന്റെ നിരവധി ബന്ധുക്കള്‍ ആഷ്‌വിറ്റ്‌സ് തടങ്കല്‍ പാളയത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യിസ്രോയില്‍ ഡോവിസ് വൈസ് പറയുന്നു. ''ഇസ്രായേല്‍ എന്ന ജൂതവിരുദ്ധ-സയണിസ്റ്റ് രാജ്യത്തെ ന്യായീകരിക്കാന്‍ സയണിസ്റ്റുകള്‍ യൂറോപ്പിലെ ഹോളോകോസ്റ്റിനെ ഉപയോഗിക്കുകയാണ്.''
ഇസ്രായേല്‍ ജൂതന്മാര്‍ക്ക് ദൈവം വാഗ്ദാനം ചെയ്ത ഭൂമിയാണെന്ന വാദം തെറ്റാണ്. അതൊരു ഭൗതികവാദ വ്യാഖ്യാനമാണ്. ഒരു കഷ്ണം ഭൂമിയെ കുറിച്ചല്ല ദൈവം പറയുന്നത്. കുറെ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഒരു രാജ്യത്തെ കുറിച്ചല്ല ദൈവം പറയുന്നത്. ജറുസലേമിലെ രണ്ടാം ടെംപിള്‍ റോമക്കാര്‍ നശിപ്പിച്ചതിന് ശേഷം ജൂത പരമാധികാരം സ്ഥാപിക്കരുതെന്നാണ് ദൈവം ജൂതന്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്. മിശിഹായുടെ രണ്ടാം വരവിന് ശേഷമേ രാജ്യം പാടുള്ളൂ '' -അദ്ദേഹം മതപരമായ നിലപാട് പറഞ്ഞു.
ജൂതന്‍മാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും വിശുദ്ധമായി കരുതുന്ന ജറുസലേമില്‍ ഗേ പ്രൈഡ് പോലുള്ള അസാന്‍മാര്‍ഗിക പരിപാടികള്‍ നടത്തുന്നവരാണ് സയണിസ്റ്റുകള്‍ എന്നും യിസ്രോയില്‍ ഡോവിസ് വൈസ് ചൂണ്ടിക്കാട്ടുന്നു.
'' 1948ല്‍ ഫലസ്തീനികളെ ആക്രമിച്ച് കുടിയൊഴിപ്പിച്ച നഖ്ബയ്ക്ക് കാരണം സയണിസമാണ്. സയണിസവും ജൂതമതവും തമ്മില്‍ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്. മുസ്‌ലിംകളാണ് ജൂതന്‍മാരെ ഇങ്ങോട്ട് കൊണ്ടുവന്നത്. മുസ്‌ലിം ഭരണത്തിന് കീഴില്‍ സമൃദ്ധിയോടെയാണ് ജൂതന്‍മാര്‍ ജീവിച്ചിരുന്നത്. നൂറ്റാണ്ടുകള്‍ സൗഹാര്‍ദ്ദത്തോടെ ജീവിച്ച മുസ്‌ലിംകളും ജൂതന്‍മാരും ശത്രുക്കളാണെന്നാണ് സയണിസ്റ്റുകള്‍ പറയുന്നത്.
ദൈവവിശ്വാസികളായ ഞങ്ങള്‍ ഇസ്രായേല്‍ എന്ന രാജ്യം ഇല്ലാതാവണമെന്നാണ് എന്നും പ്രാര്‍ത്ഥിക്കുന്നത്. ഇസ്രായേല്‍ ഇല്ലാതാവുമ്പോള്‍ ഫലസ്തീന്‍ സ്വതന്ത്രമാവും. സയണിസം ജനാധിപത്യപരമാണെന്ന് പറയുന്നവര്‍ അറബികളോട് ചെയ്യുന്ന ക്രൂരതകള്‍ കാണുമ്പോള്‍ കരച്ചില്‍ വരും.'' യിസ്രോയില്‍ ഡോവിസ് വൈസ് പറഞ്ഞു.
തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം ഇസ്രായേലിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളിലും സയണിസ്റ്റ് വിരുദ്ധരായ ജൂതവിഭാഗങ്ങള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലും കാനഡയിലും യൂറോപ്പിലുമെല്ലാം ഇസ്രായേലി പതാകകള്‍ കത്തിക്കുന്നതും ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതും ഇവരാണ്. ജോര്‍ദാന്‍ നദി മുതല്‍ മെഡിറ്ററേനിയന്‍ സമുദ്രം വരെ ഫലസ്തീന്‍ സ്വതന്ത്രമാവണമെന്നാണ് ഇവരുടെ നിലപാട്.
'' ഫലസ്തീനികള്‍ക്ക് ഭൂമി മുഴുവന്‍ നല്‍കണമെന്നാണ് തോറ പറയുന്നത്, അല്‍ അഖ്‌സ പള്ളിക്കു നേരെയുള്ള ആക്രമണങ്ങളെ ജൂതന്‍മാര്‍ എതിര്‍ക്കുന്നു, ഇസ്രായേല്‍ ജൂതന്‍മാരെ പ്രതിനിധീകരിക്കുന്നില്ല,'' തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററുകളുമായാണ് ഇവര്‍ എത്തുന്നത്. സത്മര്‍ പോലുള്ള മറ്റു നിരവധി ഹരുദി വിഭാഗങ്ങളും ഇസ്രായേലിന് എതിരായി രംഗത്ത് വരുന്നുണ്ട്.
ഹരുദികളുടെ ഈ നിലപാട് മൂലം അവരെ സൈന്യത്തില്‍ ചേര്‍ക്കുന്നതില്‍ ഇസ്രായേല്‍ രൂപീകരണ സമയത്ത് തന്നെ ഇളവ് നല്‍കിയിരുന്നു. ജനസംഖ്യയുടെ 13 ശതമാനം വരുന്ന അവരെ ഇപ്പോള്‍ യുദ്ധത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനാല്‍ തന്നെ വലിയ പ്രതിഷേധമാണ് ഹരുദികള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 800ഓളം ഹരുദികളെ അറസ്റ്റ് ചെയ്ത് സൈന്യത്തില്‍ ചേര്‍ക്കാന്‍ ഇറക്കിയ വാറന്റ് ഏറെ വിവാദമായിരുന്നു.
ഗസയിലെയും ലബ്‌നാനിലെയും അധിനിവേശം ഇനിയും തുടരുകയാണെങ്കില്‍ ഹരുദികളെ സൈന്യത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കണമെന്നാണ് സയണിസ്റ്റ് ഭരണാധികാരികളുടെയും പ്രതിപക്ഷത്തിന്റെയും നിലപാട്. ഇത് ഇസ്രായേലിന്റെ സാമുഹിക അന്തരീക്ഷത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.
By PA Aneeb