'മിര്‍സാപൂര്‍' വെബ് സീരീസ് നിര്‍മാതാക്കള്‍ക്കെതിരായ എഫ്‌ഐആര്‍ അലഹബാദ് ഹൈക്കോടതി റദ്ദാക്കി

Update: 2021-12-11 10:14 GMT
മിര്‍സാപൂര്‍ വെബ് സീരീസ് നിര്‍മാതാക്കള്‍ക്കെതിരായ എഫ്‌ഐആര്‍ അലഹബാദ് ഹൈക്കോടതി റദ്ദാക്കി

ലഖ്‌നോ: ആമസോണ്‍ പ്രൈം സ്ട്രീമില്‍ പുറത്തിറങ്ങിയ 'മിര്‍സാപൂര്‍' വെബ് സീരീസ് നിര്‍മാതാക്കള്‍ക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അലഹബാദ് ഹൈക്കോടതി റദ്ദാക്കി. വെബ് സീരീസിലൂടെ മതപരവും സാമൂഹികവും പ്രാദേശികവുമായ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിര്‍മാതാക്കളായ ഫര്‍ഹാന്‍ അക്തറിനും റിതേഷ് സിധ്വാനി അടക്കമുള്ളവര്‍ക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തിരുന്നത്.

ഷോയുടെ രണ്ട് സീസണുകളുടെ രചയിതാക്കളും സംവിധായകരുമായ കരണ്‍ അന്‍ഷുമാന്‍, ഗുര്‍മീത് സിങ്, പുനീത് കൃഷ്ണ, വിനീത് കൃഷ്ണ എന്നിവര്‍ക്കെതിരായ എഫ്‌ഐആറുകളും കോടതി റദ്ദാക്കിയിട്ടുണ്ട്. എഫ്‌ഐആറില്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. മതം, ജാതി, സമുദായം അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത മത, വംശീയ, ഭാഷകള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുന്നതാണ് 'മിര്‍സാപൂര്‍' സീരീസ് എന്ന ഹരജിക്കാരുടെ ആരോപണവും കോടതി തള്ളിക്കളഞ്ഞു.

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിനെ മയക്കുമരുന്നിന്റെയും അധോലോകത്തിന്റെയും കേന്ദ്രമായി മോശമായി ചിത്രീകരിക്കുന്നുവെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ അരവിന്ദ് ചതുര്‍വേദി എന്ന വ്യക്തി നല്‍കിയ പരാതിയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും വിശദീകരണം ആവശ്യപ്പെട്ട് സുപ്രിംകോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Tags:    

Similar News