കര്‍ഷക പ്രക്ഷോഭം: യോഗി സര്‍ക്കാരിന് തിരിച്ചടി; ട്രാക്ടര്‍ ഉടമകളില്‍ നിന്ന് ബോണ്ട് ഈടാക്കരുതെന്ന് അലഹാബാദ് ഹൈക്കോടതി

സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ജില്ലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് അധികാരികള്‍ ഇത്രയും വലിയ തുക വ്യക്തിഗത ബോണ്ടുകള്‍ ആവശ്യപ്പെട്ടത് എന്തിനാണെന്ന് ചോദിച്ച കോടതി നിയമ ഉദ്യോഗസ്ഥന്റെ പ്രതികരണം തൃപ്തികരമല്ലെന്നും നിരീക്ഷിച്ചു.

Update: 2021-02-03 07:39 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ട്രാക്ടര്‍ ഉടമകളില്‍ നിന്ന് വ്യക്തിഗത ബോണ്ടുകള്‍ ഈടാക്കാനുള്ള യോഗി സര്‍ക്കാരിന്റെ തീരുമാനത്തിന് തിരിച്ചടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ട്രാക്ടര്‍ ഉടമകളില്‍ നിന്നും അമിത തുക വ്യക്തിഗത ബോണ്ടുകള്‍ ഈടാക്കാനുള്ള വിവിധ ജില്ലാ ഭരണകൂടങ്ങളുടെ നീക്കം തടയണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

'ക്രമസമാധാനം സംബന്ധിച്ച ആശങ്കകള്‍ നീങ്ങിയെന്നും ബോണ്ട് ഈടാക്കാനുള്ള നീക്കം ഉപേക്ഷിച്ചെന്നും നിയമ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു.

എ.എ.ജിയുടെ പ്രസ്താവനയെ കോടതി വിശ്വസിക്കുന്നു, ജസ്റ്റിസുമാരായ രമേശ് സിന്‍ഹ, രാജീവ് സിംഗ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ട്രാക്ടര്‍ ഉടമസ്ഥതയിലുള്ള കര്‍ഷകരില്‍ നിന്ന് 50,000 മുതല്‍ 10 ലക്ഷം രൂപ വരെ ജില്ലാഭരണകൂടം വ്യക്തിഗത ബോണ്ടുകള്‍ ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സീതാപൂര്‍ സ്വദേശി അരുന്ധുതി ധുരുവിന്റെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ബെഞ്ച് ഉത്തരവ് നല്‍കിയത്.

ഈ വിഷയത്തില്‍ നേരത്തെ കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആശങ്കകള്‍ നീങ്ങിയതിനാല്‍ നോട്ടിസ് പിന്‍വലിച്ചതായി സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കോടതിയില്‍ ഉറപ്പ് നല്‍കി.

സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ജില്ലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് അധികാരികള്‍ ഇത്രയും വലിയ തുക വ്യക്തിഗത ബോണ്ടുകള്‍ ആവശ്യപ്പെട്ടത് എന്തിനാണെന്ന് ചോദിച്ച കോടതി നിയമ ഉദ്യോഗസ്ഥന്റെ പ്രതികരണം തൃപ്തികരമല്ലെന്നും നിരീക്ഷിച്ചു.

യുപിയില്‍ കര്‍ഷക പ്രക്ഷോഭം ശക്തിപ്പെട്ട സാഹചര്യത്തിലാണ് 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വ്യക്തിഗത ബോണ്ടുകളും ഒരേ തുകയുടെ രണ്ട് ജാമ്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടങ്ങള്‍ ട്രാക്ടര്‍ ഉടമകള്‍ക്ക് നോട്ടിസ് നല്‍കിയത്.

Tags:    

Similar News