സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ് രാത്രിയിലേക്കും നീളും

Update: 2024-04-26 12:36 GMT
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം. വൈകീട്ട് 5.15നുള്ള കണക്ക് പ്രകാരം 64.73 ശതമാനം പേര്‍ പോളിങ് രേഖപ്പെടുത്തിയെങ്കിലും വടകര, കണ്ണൂര്‍, പത്തനംതിട്ട, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ പലയിടത്തും മന്ദഗതിയിലാണെന്നാണ് ആക്ഷേപം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ മെല്ലെപ്പോക്കാണ് ഇതിനു കാരണമെന്നാണ് പരാതി. ഇതുസംബന്ധിച്ച് കണ്ണൂരില്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ്-68.64%. പൊന്നാനിയിലാണ് കുറവ്-60.09%. രാവിലെ ഏഴുമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പലരും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതാണ് തിരക്ക് കൂട്ടിയത്. ഉച്ചയ്ക്കു ശേഷം പലയിടത്തും മന്ദഗതിയിലായതോടെ കഴിഞ്ഞ തവണത്തെ പോളിങ് രേഖപ്പെടുത്തുമോയെന്ന ആശങ്കയും ഉയര്‍ന്നു. കണ്ണൂര്‍ മയ്യിലിലെ കയരളം നോര്‍ത്ത് എയുപി സ്‌കൂളിലെ 140ാം ബൂത്തില്‍ ഇതുവരെ പകുതി പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. ആകെയുള്ള 1500ല്‍ 750 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മുന്നൂറിലേറെ വോട്ടര്‍മാര്‍ ക്യൂവിലുണ്ട്. മന്ദഗതി തുടരുകയാണെങ്കില്‍ രാത്രി ഒമ്പത് കഴിഞ്ഞാലും പലയിടത്തും പോളിങ് തുടരേണ്ടി വരുമെന്നാണ് ജനങ്ങള്‍ പറയുന്നത്.
Tags:    

Similar News