പോലിസ് ആരുടെ പിണിയാള്‍... ആക്ഷേപം വ്യാപകം; ഉത്തരം കിട്ടാതെ കേരളം
ആലപ്പുഴയില്‍ വര്‍ഗീയ ഉള്ളടക്കമുള്ള പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് വല്‍സന്‍ തില്ലങ്കേരിക്കെതിരേ പ്രസംഗത്തിന്റെ പേരില്‍ കേസൊന്നുമെടുത്തിട്ടില്ല. എന്നാല്‍, ആ പ്രസംഗം വിമര്‍ശനക്കുറിപ്പോടെ ഷെയര്‍ ചെയ്ത യുവാവിനെതിരേ കൂത്തുപറമ്പ് പോലിസ് കേസെടുത്തിട്ടുണ്ട്.
സ്വന്തം പ്രതിനിധി
കോഴിക്കോട്: ''ആര്‍എസ്എസ്സിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് കേരളാ പോലിസ് കേസെടുത്തവരുടെ എണ്ണം രണ്ടാഴ്ചയ്ക്കകം രണ്ട് ഡസനിലധികമായി. അതില്‍ ചിലരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നതും ബുള്ളി ബായിയെ വിമര്‍ശിക്കുന്നതും കേരളത്തില്‍ ക്രിമിനല്‍ കുറ്റമായി മാറിയിരിക്കുന്നു. ഇനിയും മതേതര ഇടതുപക്ഷം എന്നുപറഞ്ഞ് ഞെളിയുന്നതില്‍ ഇവര്‍ക്ക് ഒരു നാണവും തോന്നുന്നില്ലല്ലോ'' ഒരു പ്രമുഖ പത്രത്തിന്റെ ഇന്നത്തെ മുഖപ്രസംഗത്തില്‍നിന്നുള്ള വരികളാണിത്.
തീവ്രഹിന്ദുത്വ സംഘടനയായ ശിവസേന നിയന്ത്രിക്കുന്ന മഹാരാഷ്ട്ര പോലിസ് രാജ്യത്തെ അറിയപ്പെട്ട മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് 'വില്‍പനയ്ക്ക്' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച ബുള്ളി ബായ് ആപ്പിനെതിരേ കേസെടുത്തു. എന്നാല്‍, മതേതര പുരോഗമന സര്‍ക്കാരെന്നവകാശപ്പെടുന്ന പിണറായി വിജയന്റെ പോലിസ് 'ബുള്ളി ബായ്' ആപ്പിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയാണു കേസെടുക്കുന്നത്. കേരളാ പോലിസ് ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന ചര്‍ച്ച വ്യാപകമായിട്ടും ഭരണകൂടത്തിനു മിണ്ടാട്ടമില്ല.
ബുള്ളി ബായ് ആപ്പിനെതിരായ പരാതിയില്‍ മുംബൈ പോലിസാണ് കേസെടുത്തത്. ഉത്തരാഖണ്ഡ് മുതല്‍ ബംഗളൂരു വരെയുള്ള പ്രതികളെ വരെ ഒരാഴ്ചയ്ക്കിടയില്‍ കണ്ടെത്താനും പിടികൂടാനും ജയിലില്‍ അടയ്ക്കാനും മഹാരാഷ്ട്ര പോലിസിന് കഴിഞ്ഞു. അതേസമയം, ബുള്ളി ബായിയെ വിമര്‍ശിച്ച പൊതുപ്രവര്‍ത്തകരെ പിടികൂടാനുള്ള ജാഗ്രതയിലാണ് കേരള പോലിസ്. പച്ചയായ സംഘപരിവാര്‍ പ്രീണനം എന്നതിലപ്പുറം പ്രകടമായ മുസ്‌ലിം വിരുദ്ധത കൂടിയായാണ് കേരള പോലിസിന്റെ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്. ആര്‍എസ്എസ് വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഒരുവിഭാഗത്തെ ജയിലിലടയ്ക്കാനുള്ള പ്രത്യേക സെല്‍ കേരള പോലിസില്‍ നിലവില്‍ വന്നതായാണ് ആക്ഷേപം.
ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നാണ് ഇതേക്കുറിച്ച് സിപിഎം വക്താക്കളുടെയും ആഭ്യന്തര വകുപ്പിന്റെയും വിശദീകരണം. ഓരോ ദിവസവും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വിചിത്രം. രാജ്യത്തെ പ്രധാന മുസ്‌ലിം സ്ത്രീകളുടേതടക്കം ഫോട്ടോ അപ്‌ലോഡ് ചെയ്ത് 'വില്‍പനയ്ക്ക്' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച ബുള്ളി ബായ് ആപ്പിനെതിരേ അതിന്റെ ഇരകളായ മലയാളി വിദ്യാര്‍ഥിനികള്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
ഈ വാര്‍ത്താസമ്മേളനം ഒരുവിഭാഗം മാധ്യമങ്ങള്‍ തമസ്‌കരിച്ചതിനെ വിമര്‍ശിച്ച് നടിയും ആക്ടിവിസ്റ്റുമായ പി എം ലാലി ഫേസ്ബുക്കില്‍ കുറിപ്പെഴുതി. പൗരത്വ വിവേചന സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഡല്‍ഹിയിലെ മൂന്ന് മലയാളി വിദ്യാര്‍ഥിനികള്‍ ബുള്ളി ബായ് ആപ്പില്‍ ഇരയാക്കപ്പെട്ടവരാണ്. അവര്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനം വിളിച്ചത് സ്വാഭാവികമായും വാര്‍ത്തയാവേണ്ടതാണ്. അത് മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്തയാവാതെ പോയതും വിമര്‍ശിക്കപ്പെട്ടതും സ്വാഭാവികം.
പി എം ലാലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ യുവാവ് നാട്ടിലെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. പോലിസ് ഉടന്‍ ആ ചെറുപ്പക്കാരനെതിരേ 153 ചുമത്തി കേസെടുത്തു. നാട്ടില്‍ കലാപമുണ്ടാക്കാന്‍ പോവുന്ന മാരകായുധമാണ് ആ പോസ്റ്റ് എന്നാണ് ശ്രീകണ്ഠപുരം പോലിസിന്റെ നിലപാട്. വര്‍ഗീയ, വിദ്വേഷ പ്രചാരണത്തിനെതിരേ എന്ന പേരില്‍ കേരള പോലിസ് കഴിഞ്ഞ ഏതാനും ആഴ്ചകളായി എടുത്തുകൊണ്ടിരിക്കുന്ന നടപടികള്‍ ദുരൂഹവും എകപക്ഷീയവുമാണെന്ന ആക്ഷേപത്തിന് തൃപ്തികരമായ ഉത്തരമില്ല. ആലപ്പുഴയില്‍ വര്‍ഗീയ ഉള്ളടക്കമുള്ള പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് വല്‍സന്‍ തില്ലങ്കേരിക്കെതിരേ പ്രസംഗത്തിന്റെ പേരില്‍ കേസൊന്നുമെടുത്തിട്ടില്ല.
എന്നാല്‍, ആ പ്രസംഗം വിമര്‍ശനക്കുറിപ്പോടെ ഷെയര്‍ ചെയ്ത യുവാവിനെതിരേ കൂത്തുപറമ്പ് പോലിസ് കേസെടുത്തിട്ടുണ്ട്. ബുള്ളി ബായ് ആപ്പിന്റെ വംശീയ വിദ്വേഷത്തിനിരയായ, സ്ത്രീത്വം അവഹേളിക്കപ്പെട്ട സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇരയാക്കപ്പെട്ട യുവതികള്‍ കണ്ണൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വര്‍ഗീയതയ്ക്കും വിദ്വേഷപ്രചാരണത്തിനുമെതിരേ അതിശക്തമായ നിലപാടുള്ള കേരള പോലിസ് പക്ഷേ, പരാതിക്കാരിയെ വിളിച്ച് വിശദാംശങ്ങള്‍ അന്വേഷിക്കാനുള്ള പ്രാഥമിക നടപടി പോലും സ്വീകരിച്ചില്ല. തുടര്‍ന്ന് യുവതികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമീഷനും പരാതി അയച്ചു. അതിലും ഇതേവരെ നടപടിയായില്ല.