വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന് ആരോപണം; സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനം
വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ഥിസംഘം ഡോക്ടറെ കാഷ്വാലിറ്റിയില്‍ നിന്ന് വലിച്ച് പുറത്തിറക്കി തല്ലിയത്.
കോഴിക്കോട്: അടിയന്തരചികിത്സാവിഭാഗത്തില്‍ വ്യാഴാഴ്ച രാവിലെ പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം. ആശുപത്രിയില്‍ എത്തിയ ഒരു സംഘം വിദ്യാര്‍ഥികളാണ് ഡോക്ടറെ മര്‍ദ്ദിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ഥിസംഘം ഡോക്ടറെ കാഷ്വാലിറ്റിയില്‍ നിന്ന് വലിച്ച് പുറത്തിറക്കി തല്ലിയത്.
എന്നാല്‍ ഇന്നലെ വിദ്യാര്‍ഥിനികള്‍ ചികിത്സ കഴിഞ്ഞ് അധ്യാപകനോടൊപ്പം മടങ്ങിയതാണെന്നും പരാതി ഒന്നും പറഞ്ഞിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിശോധനാസമയത്ത് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ അടുത്തുണ്ടായിരുന്നുതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് ഡോക്ടറെ മര്‍ദ്ദിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്ഥാപനത്തിന്റെ അധികൃതരോ വിദ്യാര്‍ഥികളോ തയ്യാറായില്ല. പരിക്കേറ്റ ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.സംഭവത്തില്‍ ഡോക്ടറും ഐഎംഎയും നടക്കാവ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഡോക്ടര്‍ക്കെതിരേ വിദ്യാര്‍ത്ഥിനികളും പരാതി നല്‍കിയിട്ടുണ്ട്.