വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുക; എസ് ഡി പി ഐ പ്രതിഷേധ മാര്‍ച്ച് നടത്തി

മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിച്ച് ജനങ്ങളുടെ യാത്രാസൗകര്യം സുഖകരമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2023-04-23 19:45 GMT

തിരൂര്‍:വന്ദേ ഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുക, മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യങ്ങളുന്നയിച്ച്് എസ്ഡിപിഐ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തിരൂര്‍ റിംഗ് റോഡില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു . സ്റ്റേഷന്‍ പരിസരത്ത് പോലീസ് മാര്‍ച്ച് തടഞ്ഞു . സെക്രട്ടറി അഡ്വ കെ സി ഉദ്ഘാടനം ചെയ്തു. വന്ദേ ഭാരതിനു എല്ലാ ജില്ലകളിലും സ്റ്റോപ്പുകള്‍ ഉണ്ടായിട്ടും മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല. സംസ്ഥാനത്ത് ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിച്ച് ജനങ്ങളുടെ യാത്രാസൗകര്യം സുഖകരമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാലങ്ങളായി ഭരിച്ചുകൊണ്ടിരിക്കുന്ന എല്ലാ സര്‍ക്കാറുകളും ജില്ലയെ അവഗണിക്കുന്നതാണ് ഇത്രയും കാലം കണ്ടുകൊണ്ടിരിക്കുന്നതെന്നും ജില്ലയില്‍ നിന്നും റെയില്‍വേ സഹ മന്ത്രി ഉണ്ടായിട്ടുപോലും ദീര്‍ഘദൂര പതിനെട്ടോളം ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്റ്റോപ്പ് ഇല്ല എന്നതിന്റെ തുടര്‍ച്ചയാണ് ഇവിടെയും കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വന്ദേ ഭാരത് എക്‌സ്പ്രസ്സിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കുന്നത് വരെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സമരമുഖത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ സംഗമത്തില്‍ ജില്ലാ കമ്മിറ്റി അംഗം നജീബ് തിരൂര്‍ അധ്യക്ഷത വഹിച്ചു. താനൂര്‍ മണ്ഡലം പ്രസിഡന്റ് സദക്കത്തുള്ള ,തിരൂര്‍ മണ്ഡലം സെക്രട്ടറി നിസാര്‍ അഹമ്മദ്, ഹംസ തിരൂര്‍ എന്നിവര്‍ സംസാരിച്ചു, അബ്ദുറഹ്‌മാന്‍ പയ്യനങ്ങാടി, ഫൈസല്‍ ബാബു തിരൂര്‍, യാഹു പത്തമ്പാട് എന്നിവര്‍ നേതൃത്വം നല്‍കി.


Tags:    

Similar News