അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍ ലയിക്കുന്നു
ഛണ്ഡിഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്. കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ചികില്‍സയ്ക്കായി ഇപ്പോള്‍ ലണ്ടനിലുള്ള ക്യാപ്റ്റന്‍ തിരിച്ചെത്തിയാല്‍ ലയനം നടക്കും. അടുത്തയാഴ്ച അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയ ശേഷം ബിജെപിയില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പുറത്തെ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന അമരീന്ദറുമായി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു.
കഴിഞ്ഞ വര്‍ഷം പഞ്ചാബില്‍ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെയായിരുന്നു എട്ടുമാസം മുമ്പ് ക്യാപ്റ്റന്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നും വിട്ടത്. തുടര്‍ന്ന് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് അമരീന്ദറിന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പട്യാല സീറ്റില്‍ നിന്ന് മല്‍സരിച്ചെങ്കിലും വിജയിക്കാനായില്ല. അമരീന്ദറിനോടൊപ്പം നിന്നിരുന്ന നേതാക്കള്‍ നേരത്തെ തന്നെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
മുന്‍ പിപിസിസി അധ്യക്ഷന്‍ സുനില്‍ ജഖാര്‍, അമരീന്ദര്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന നാല് നേതാക്കള്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നിരുന്നത്. മൂന്നുതവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായ നേതാവാണ് ക്യാപ്റ്റനെന്ന് വിളിപ്പേരുള്ള അമരീന്ദര്‍. പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവുമായുള്ള പടലപ്പിണക്കങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തഴഞ്ഞ മനോഭാവവുമാണ് 89കാരനായ ക്യാപ്റ്റന്‍ പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത്. പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ നേതൃത്വം മൂന്നുതവണ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ഇനി അത് സഹിക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് അഞ്ച് പതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസുമായുള്ള ബന്ധം സിങ് ഉപേക്ഷിച്ചത്.
തനിക്ക് ഇപ്പോഴും രാഷ്ട്രീയമുണ്ടെന്നും സൂര്യാസ്തമയത്തിലേക്ക് നടക്കാന്‍ പോവുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രണീത് കൗര്‍ പട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായി തുടരുകയാണ്. പ്രണീത് കൗറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. ഇപ്പോള്‍ തന്നെ പിന്‍ഗാമിയായി മകള്‍ ജയ് ഇന്ദര്‍ കൗറിനെ പ്രണീത് തീരുമാനിച്ചു കഴിഞ്ഞു.
പട്യാല മണ്ഡലത്തില്‍ ജയ് ഇന്ദര്‍ കൗറിനെ വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാമെന്ന് ബിജെപി ഉറപ്പുനല്‍കണമെന്നാണ് പ്രണീതിന്റെ ആവശ്യം. തന്റെ ഭര്‍ത്താവും അദ്ദേഹത്തിന്റെ അടുത്ത നേതാക്കളും കോണ്‍ഗ്രസ് വിട്ടിട്ടും പ്രണീത് ഇപ്പോഴും അതിന് തയ്യാറാവാത്തതിലും ബിജെപിക്ക് അതൃപ്തിയുണ്ട്. അതേസമയം, ജയ് ഇന്ദര്‍ കൗറിനെ പാര്‍ട്ടിയിലെടുക്കാന്‍ ബിജെപി അത്ര താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ജയ് ഇന്ദര്‍ കൗറിന്റെ ഭര്‍ത്താവിന്റെ സിംബഹോളി ഷുഗര്‍ കമ്പനിക്കെതിരേ തട്ടിപ്പ് കേസില്‍ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. അതാണ് ജയ് ഇന്ദര്‍ കൗറിനെ പാര്‍ട്ടിയിലെടുക്കുന്നതിനോട് ബിജെപി വിമുഖത കാണിക്കുന്നത്.