പഞ്ചാബിലെ കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തുന്നു: കേന്ദ്രത്തെ കടന്നാക്രമിച്ച് അമരീന്ദര്‍ സിങ്

പഞ്ചാബിലെ കര്‍ഷകരെ അപമാനിക്കാന്‍ കേന്ദ്രം പുതിയ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.

Update: 2021-04-04 17:39 GMT

ചണ്ഡീഗഢ്: വിവാദ നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്ത്. സംസ്ഥാനത്തെ കര്‍ഷകരെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നയങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികള്‍, അര്‍ബന്‍ നക്‌സലുകള്‍, ഗുണ്ടകള്‍ എന്നൊക്കെ വിളിച്ച് കേന്ദ്രവും ബിജെപിയും നിരന്തരം ആക്രമിക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്കു പിന്തുണയുമായി അമരീന്ദര്‍ സിങ് മുന്നോട്ട് വന്നത്. പഞ്ചാബിലെ കര്‍ഷകരെ അപമാനിക്കാന്‍ കേന്ദ്രം പുതിയ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.

കനത്ത ചൂഷണത്തിന് ഇരയായ 58 കര്‍ഷകരെ പഞ്ചാബില്‍ കേന്ദ്ര സര്‍ക്കാര്‍ രക്ഷിച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിലെ കര്‍ഷര്‍ തൊഴിലാളികളെ അടിമകളായി ഉപയോഗിച്ചുവെന്ന ദുരാരോപണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ഉചിതമായ പ്രതികരണത്തിനായി കാത്തിരിക്കാതെയാണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ചില പ്രമുഖ പത്രങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറിയത് ഇത് കൂടുതല്‍ സംശയകരമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദരിദ്രരുടെയും അധഃസ്ഥിതരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാരും സംസ്ഥാന പൊലീസും കഴിവുള്ളവരാണെന്ന് വാദിച്ച മുഖ്യമന്ത്രി, ഓരോ കേസിലും ഉചിതമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും ഭൂരിഭാഗം ആളുകളും അവരുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്നും വ്യക്തമാക്കി. ഏതെങ്കിലും ഘട്ടത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍, കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പഞ്ചാബിലെ ഗ്രാമങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാകുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇത്തരത്തിലെ 58 തൊഴിലാളികളെ 2019-20 ല്‍ രക്ഷപ്പെടുത്തിയെന്നായിരുന്നു ബിഎഎസ്എഫ് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. കൂടുതല്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികള്‍ക്ക് ലഹരിമരുന്ന് നല്‍കുകയാണെന്നും പഞ്ചാബ് സര്‍ക്കാറിന് അയച്ച കത്തില്‍ കേന്ദ്ര സേന വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചത്.

Tags:    

Similar News