ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്‍സ് തടഞ്ഞ് നിറുത്തി ജീവനക്കാരെ മര്‍ദ്ദിച്ചെന്ന് പരാതി

Update: 2022-08-19 03:41 GMT

കൊല്ലം: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കടന്നുപോകുന്നതിനിടെ രോഗിയെ എടുക്കാനായി പോയ 108 ആംബുലന്‍സ് തടഞ്ഞ് നിറുത്തി ജീവനക്കാരെ ആക്രമിച്ചുവെന്ന് പരാതി. കൊല്ലം കാവനാട് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച അത്യാഹിത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് ശ്വാസ തടസത്തെ തുടര്‍ന്ന് അടിയന്തിര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്ത യുവാവിനെ എടുക്കാന്‍ പോകുന്നതിനിടയിലാണ് സംഭവം.

വള്ളികീഴ് ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കടന്നുപോകുന്നതിനാല്‍ വലിയ രീതിയില്‍ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ഈ സമയം അതുവഴി വന്ന 108 ആംബുലന്‍സിനെ ഘോഷയാത്ര നിയന്ത്രിക്കുകയായിരുന്ന ഇരുപതോളം വരുന്ന സംഘം

തടയുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു.

ആംബുലന്‍സ് പൈലറ്റ് ശരത്ത്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിനീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. സയറന്‍ ഇട്ട് വന്നത് ചോദ്യം ചെയ്താണ് ആംബുലന്‍സ് തടഞ്ഞത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്ന് അടിയന്തിരമായി രോഗിയെ എടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞെങ്കിലും അക്രമി സംഘം വകവെച്ചില്ല എന്ന് ജീവനക്കാര്‍ പറയുന്നു.

മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയ 108 ആംബുലന്‍സ് ജീവനക്കാര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ആംബുലന്‍സിനും കേടുപാടുകള്‍ സംഭവിച്ചതായി ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയതായി കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജി വി കെ ഇ എം ആര്‍ ഐ അധികൃതര്‍ അറിയിച്ചു.

Tags:    

Similar News