പാക് എഫ് 16 തകര്‍ത്തു; റഡാര്‍ ചിത്രങ്ങളുമായി ഇന്ത്യ

ഇന്ത്യ പാകിസ്താന്റെ എഫ് 16 വിമാനം തകര്‍ത്തെന്ന വാദം പാകിസ്താന്‍ ഇതുവരെ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല

Update: 2019-04-08 15:22 GMT

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ബാലാക്കോട്ടില്‍ തിരിച്ചടിച്ചപ്പോള്‍ പാകിസ്താന്റെ എഫ്16 യുദ്ധവിമാനം തകര്‍ത്തതിന് പുതിയ തെളിവുമായി ഇന്ത്യന്‍ വ്യോമസേന രംഗത്ത്. വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ മിഗ്-21 ബൈസണ്‍ ഉപയോഗിച്ച് എഫ്-16 തകര്‍ക്കുന്നതിന്റെ റഡാര്‍ ചിത്രങ്ങളാണ് പുറത്തുവിട്ടത്. നിയന്ത്രണ രേഖയ്ക്കു സമീപം എഫ് 16 തകര്‍ന്നുവീഴുന്നതാണ് ചിത്രത്തിലുള്ളത്. ഇതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനവും തകര്‍ന്നുവീഴുന്നുണ്ടെന്നും എയര്‍ സ്റ്റാഫ്(ഓപറേഷന്‍സ്) അസി. ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വിമാനത്തില്‍ നിന്നാണ് അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ പിടികൂടുന്നത്.


    ഇന്ത്യ പാകിസ്താന്റെ എഫ് 16 വിമാനം തകര്‍ത്തെന്ന വാദം പാകിസ്താന്‍ ഇതുവരെ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല, പാകിസ്ഥാന്റെ കൈവശമുള്ള എഫ് 16 വിമാനങ്ങളുടെ പരിശോധന നടത്തിയപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു അമേരിക്കയിലെ ഫോറിന്‍ പോളിസി എന്ന മാഗസിന്‍ െ്രവളിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ ഇക്കാര്യം പൂര്‍ണമായും അംഗീകരിക്കാതെ, അങ്ങനെയൊരു പരിശോധന നടത്തിയതായി അറിയില്ലെന്നു പറഞ്ഞ് അമേരിക്കന്‍ പ്രതിരോധ വകുപ്പും രംഗത്തെത്തി. ഇത്തരത്തില്‍ അവ്യക്തത വര്‍ധിക്കുന്നതിനിടെയാണ് ഇന്ത്യന്‍ വ്യോമസേന റഡാര്‍ ചിത്രങ്ങളുമായി രംഗത്തെത്തിയത്. കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ടെന്നും സുരക്ഷാകാരണങ്ങള്‍ കാരണം ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും വൈസ് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍ പറഞ്ഞു.


Tags:    

Similar News