വിവാദങ്ങള്‍ക്കിടെ ക്ഷേത്രങ്ങളില്‍ ശത്രുസംഹാരപൂജ നടത്തി എഡിജിപി എം ആര്‍ അജിത്കുമാര്‍

Update: 2024-09-29 11:28 GMT

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി എം ആര്‍ അജിത്കുമാര്‍. ആര്‍.എസ്.എസ് ബന്ധത്തിന്റെപേരില്‍ എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് ഉടന്‍ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് എ.ഡി.ജി.പിയുടെ ക്ഷേത്രദര്‍ശനവും വഴിപാടുകളും. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.

പുലര്‍ച്ചെ അഞ്ചോടെയാണ് അജിത് കുമാര്‍ കണ്ണൂര്‍ മാടായിക്കാവിലെത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടംതാലി, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ നടത്തി. ഇതിന് പിന്നാലെയായിരുന്നു കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രദര്‍ശനം. ജലധാര, ക്ഷീരധാര, ആള്‍രൂപം, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ ഇവിടെ അദ്ദേഹം നടത്തി.സ്വകാര്യ സന്ദര്‍ശനമായിരുന്നു എ.ഡി.ജി.പി.യുടേത്. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നു. ക്രമസമാധാന ചുമതല മറ്റൊരു എ.ഡി.ജി.പി.യായ എച്ച്. വെങ്കിടേഷിന് കൈമാറി പ്രശ്‌നം തണുപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ട്.





Tags:    

Similar News