അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം; താന്‍ വീട്ടുതടങ്കലിലെന്ന് മെഹബൂബ മുഫ്തി

Update: 2022-10-05 06:24 GMT

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി തന്നെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റുമായ മെഹബൂബ മുഫ്തി രംഗത്ത്. പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹത്തിന് പട്ടാന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് മുഫ്തി ട്വിറ്ററില്‍ കുറിച്ചു. ഒരു മുന്‍ മുഖ്യമന്ത്രിയുടെ മൗലികാവകാശങ്ങള്‍ വളരെ എളുപ്പത്തില്‍ റദ്ദാക്കാന്‍ കഴിയുമെങ്കില്‍, ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് മുഫ്തി ചോദിക്കുന്നു. കശ്മീര്‍ സാധാരണ നിലയിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരില്‍ ചുറ്റിക്കറങ്ങുകയാണ്.

ഒരു പ്രവര്‍ത്തകന്റെ വിവാഹത്തില്‍ പോവാന്‍ ആഗ്രഹിച്ച താനിപ്പോള്‍ വീട്ടിതടങ്കലിലാണ്. പോലിസ് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. വീടിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു. ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന ചിത്രം സഹിതമാണ് മെഹബൂബ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, അമിത് ഷായുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ശ്രീനഗര്‍ പോലിസ് അറിയിച്ചു. പട്ടാനിലേക്കും അവരുടെ പട്ടണിലേക്കുള്ള യാത്രയ്ക്കും ഒരുതരത്തിലുള്ള നിയന്ത്രണവുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരില്‍ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക സന്ദേശം ഇതിനകം അയച്ചിട്ടുണ്ട്. ട്വീറ്റിലെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന ചിത്രത്തിനും പോലിസ് വിശദീകരണം നല്‍കിയിട്ടുണ്ട്.

ബംഗ്ലാവിലുള്ളവര്‍ തന്നെയാണ് ഗേറ്റ് പൂട്ടിയത്. അതിന് പോലിസ് ലോക്കോ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിട്ടില്ല. അവര്‍ക്ക് യാത്ര ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്- പോലിസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി രജൗരിയിലും ജമ്മുവിലെ ചില സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്മീരില്‍ എത്തിയ അമിത് ഷാ ഇന്ന് കശ്മീരിലെ ബാരാമുള്ളയില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യും. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് യുടിയില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News