കൊവിഡ് പ്രതിരോധം; പിഴവ് സമ്മതിച്ച് അമിത് ഷാ

ഒഡിഷയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കുകയായിരുന്നു അമിത് ഷാ.

Update: 2020-06-09 05:24 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിഴവ് സമ്മതിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് തെറ്റ് പറ്റിയിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളുടെ വിഷയത്തിലും പാളിച്ച ഉണ്ടായിട്ടുണ്ടാകാം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥത വ്യക്തമായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലാതെ പ്രതിപക്ഷം ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഒഡിഷയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കുകയായിരുന്നു അമിത് ഷാ.

1,70,000 കോടി രൂപയുടെ ഒരു പദ്ധതി പ്രഖ്യാപിച്ചു. ശ്രമിക് ട്രെയിനുകളിലൂടെ 1,25,00000 പേരെ നാടുകളിലെത്തിച്ചു. അവര്‍ക്ക് ഭക്ഷണം നല്‍കി. ആദ്യഘട്ടമെന്ന നിലയില്‍ 1000 മുതല്‍ 1500 രൂപ വരെ സാമ്പത്തിക സഹായം നല്‍കി ഇതൊന്നും കാണാതെ, ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താതെ പ്രതിപക്ഷം വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ജനതാ കര്‍ഫ്യൂവിലൂടെ വീട്ടിലിരിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞപ്പോള്‍ രാജ്യം മുഴുവന്‍ അതിനോട് ഐക്യപ്പെട്ടു, ദീപം തെളിയിക്കണമെന്ന് പറഞ്ഞപ്പോള്‍ ജനം അതും അംഗീകരിച്ചു. അങ്ങനെ രാജ്യംമുഴുവന്‍ കൊവിഡ് പ്രതിരോധത്തിനായി ഒത്തുചേര്‍ന്നു. എന്നിട്ടും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് അമിത്ഷാ ചോദിക്കുന്നു.

ലോകരാജ്യങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചകള്‍ സംഭവിച്ചപ്പോള്‍ രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന അവകാശവാദവും അമിത്ഷാ ഉന്നയിച്ചു. 

Tags:    

Similar News