'അമൃതാനന്ദമയി ദൈവത്തിന്റെ യഥാര്‍ഥ പ്രതിനിധി'; എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ പ്രസംഗം വിവാദത്തില്‍
കാസര്‍കോട്: മതാ അമൃതാനന്ദമയി ദൈവത്തിന്റെ യഥാര്‍ഥ പ്രതിനിധിയും രൂപവുമാണെന്ന കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിന്റെ പ്രസംഗം വിവാദത്തിലായി. കഴിഞ്ഞ ദിവസം കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. ആരും പട്ടിണി കിടക്കരുതെന്ന് ആഗ്രഹിക്കുന്നയാളാണ് അമ്മ. മാതാ അമൃതാനന്ദമയിയെ അമ്മ എന്ന് വിളിക്കുന്നത് ജന്‍മം നല്‍കിയ അമ്മയേക്കാളും സ്‌നേഹം കാണിക്കുന്നത് കൊണ്ടാണ്.
ദൈവം എന്ന മഹാശക്തിയെ നമ്മള്‍ കണ്ടിട്ടില്ല. ആപത്ത് വരുമ്പോഴെല്ലാം ഒരാള്‍ ലോകത്തുണ്ടെന്നതിനാലാണ് ആ ശക്തിയെ നമ്മള്‍ ദൈവമെന്ന് വിളിക്കുന്നത്. ജീവിതത്തില്‍ പ്രയാസമുണ്ടാവുമ്പോള്‍ ആശ്വസിക്കുന്നത് ദൈവമുണ്ട് എന്നതിനാലാണ്. വിശന്ന് മരിക്കാറാവുമ്പോള്‍ ഒരാള്‍ ഭക്ഷണം തന്നാല്‍ അത് ദൈവത്തിന്റെ യഥാര്‍ഥ പ്രതിനിധിയാണ്- എംഎല്‍എ പറഞ്ഞു. ഇസ്‌ലാം മതവിശ്വാസ പ്രകാരം ദൈവത്തിന്റെ പ്രതിനിധിയായി വരുന്നത് പ്രവാചകന്‍മാരാണ്.
മാതാ അമൃതാനന്ദമയിയെ പ്രവാചകയായിട്ടാണ് നെല്ലിക്കുന്ന് പ്രസ്താവിച്ചതെന്നുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. നേരത്തെ ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ല കുറി വരച്ചതും, ഇസ്ഹാഖ് കുരിക്കള്‍ അമ്മയെ കെട്ടിപ്പിടിച്ചതും വിവാദമായിരുന്നു. സമാനമായ വിവാദമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള അമൃതശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭക്ഷ്യവസ്ത്ര, ധന, ധാന്യ സഹായങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.