''അവകാശങ്ങളില്‍ നിന്ന് കൈയ്യെടുക്കൂ' ട്രംപിനെതിരേ യുഎസ് നഗരങ്ങളില്‍ പ്രതിഷേധം; ഇലോണ്‍ മസ്‌കിനെ നാടുകടത്തണമെന്നും ആവശ്യം (ചിത്രങ്ങള്‍)

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണരീതികളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങി. ഡെലാവേര്‍ മുതല്‍ ഹവായ് വരെയുള്ള 50 സംസ്ഥാനങ്ങളിലെ 1,200 പ്രദേശങ്ങളില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. പൗരാവകാശ സംഘടനകളും തൊഴിലാളി യൂണിയനുകളും തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരും മുന്‍ സൈനികരുടെ സംഘടനകളും ഗസയിലെ അധിനിവേശത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളും അടക്കം 150 സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.





യുഎസ് ഭരണകൂടത്തിന്റെ ചെലവ് വെട്ടിക്കുറക്കാനെന്ന പേരില്‍ രൂപീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി(ഡോജ്) മേധാവി ഇലോണ്‍ മസ്‌കിനെ നാടുകടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കക്കാരനായ മസ്‌കിനെ നാടുകടത്തണമെന്നാണ് ആവശ്യം. ചെലവ് വെട്ടിക്കുറക്കുന്നു എന്ന പേരില്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനും സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഓഫിസുകള്‍ പൂട്ടിയതിനും ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നിര്‍ത്തിയതിനും മറ്റും എതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു. സാമൂഹിക സുരക്ഷയില്‍ നിന്നും കൈയ്യെടുക്കൂ, ജനാധിപത്യത്തില്‍ നിന്നും കൈയ്യെടുക്കൂ, ട്രംപ് നാസിയാണ്, ഇത് മൂന്നാം റീഷാണ് (നാസി ജര്‍മനിയിലെ ഭരണകൂടം), ഗസയെ ജീവിക്കാന്‍ അനുവദിക്കൂ തുടങ്ങി നിരവധി ബാനറുകളും പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്നു.