'ജൂണ്‍ 15ന് ശേഷം രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍'; പ്രചാരണത്തില്‍ വസ്തുതയുണ്ടോ...?
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 15നു ശേഷം രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ഒരു ന്യൂസ് ചാനല്‍ ബുള്ളറ്റിന്‍ എന്നുകരുതുന്ന സ്‌ക്രീന്‍ഷോട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാന, ട്രെയിന്‍ യാത്രകള്‍ക്ക് ആഭ്യന്തര മന്ത്രാലയം വീണ്ടും സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് വ്യാജ വാര്‍ത്തയാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റില്‍ സ്ഥിരീകരിച്ചു. ഇത്തരം വ്യാജവാര്‍ത്തകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും പിഐബി മുന്നറിയിപ്പ് നല്‍കി.
ആഭ്യന്തര മന്ത്രാലയം മെയ് 30ന് പുറത്തിറക്കിയ ഒടുവിലത്തെ ഉത്തരവില്‍ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ എട്ടിന് ആരംഭിക്കുന്ന ആദ്യഘട്ടത്തില്‍ മതപരമായ സ്ഥലങ്ങള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ വീണ്ടും തുറക്കാന്‍ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. രണ്ടാം ഘട്ടത്തില്‍, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ സ്‌കൂളുകളും കോളജുകളും തുറക്കുകയുള്ളൂ. മൂന്നാംഘട്ടത്തില്‍ അന്താരാഷ്ട്ര വിമാന യാത്ര, മെട്രോ റെയില്‍, സിനിമാ ഹാളുകള്‍, ജിംനേഷ്യം, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍ എന്നിവ സാഹചര്യങ്ങള്‍ക്കനുസരിച്ച് തുറക്കുമെന്നാണ് എംഎച്ച്എ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.