ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, തമിഴ്‌നാട്ടില്‍ വീണ്ടും മഴ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

Update: 2020-11-27 09:29 GMT

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഈ മാസം 29ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദ്ദം നിവാറിന്റെ അതേ ദിശയില്‍ സഞ്ചരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്ന്് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കഴിഞ്ഞ ദിവസം വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. അതിനിടെ നിവാര്‍ ദുര്‍ബലമായിട്ടും തെക്കേ ഇന്ത്യയിലെ തീരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കാഞ്ചീപുരത്ത് പ്രളയ സാധ്യത കണക്കിലെടുത്ത് ആയിരകണക്കിന് പേരെ മാറ്റി പാര്‍പ്പിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുന്നു. ആന്ധ്രയിലെ ചിറ്റൂര്‍, കടപ്പ, നെല്ലൂര്‍ ജില്ലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

തീരമേഖലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നിവാര്‍ ശക്തമായി ആഞ്ഞടിച്ച കാര്‍ഷിക മേഖലയായ തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളിലും കനത്ത മഴയുണ്ട്. കാഞ്ചീപുരത്ത് നദികള്‍ കരകവിഞ്ഞതോടെ പ്രളയ സാധ്യത കണക്കിലെടുത്ത് നാല്‍പ്പത് ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചെന്നൈയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

ഈ വര്‍ഷം ഉത്തരേന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട നാലാമത്തെ ചുഴലിക്കാറ്റ് കൊടുങ്കാറ്റാണ് നിവാര്‍. നേരത്തെ സൊമാലിയയില്‍ കനത്ത നാശം വിതച്ച ഗതി ചുഴലിക്കാറ്റ്, മഹാരാഷ്ട്രയില്‍ വീശിയടിച്ച നിസാര്‍ഗ ചുഴലിക്കാറ്റ്, മെയ് മാസത്തില്‍ കിഴക്കന്‍ ഇന്ത്യയെ ബാധിച്ച ആംഫാന്‍ ചുഴലിക്കാറ്റ് എന്നിവയാണ് നേരത്തെ വന്‍നാശനഷ്ടം വിതച്ച ചുഴലിക്കാറ്റുകള്‍.

Tags:    

Similar News