'ഏതെങ്കിലും പ്രദേശത്തെയോ സ്ഥലത്തെയോ കുറിച്ച് പറഞ്ഞിട്ടില്ല, രാഷ്ട്രവിരുദ്ധ-ദേശവിരുദ്ധ എന്ന വാക്കുകളും ഉപയോഗിച്ചിട്ടില്ല'; മലപ്പുറം വിരുദ്ധ അഭിമുഖത്തില്‍ യുടേണ്‍ അടിച്ച് മുഖ്യമന്ത്രി; 'ദി ഹിന്ദു' പത്രത്തിന് പ്രസ് സെക്രട്ടറി കത്തയച്ചു

Update: 2024-10-01 09:24 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്-ഹവാല പണം ഉപയോഗിച്ച് മലപ്പുറത്ത് എത്തുന്ന പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന പരാമര്‍ശത്തില്‍ വിവാദം ശക്തമായതോടെ യൂ ടേണ്‍ അടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്. പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെയോ സ്ഥലത്തെയോ കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി 'ദി ഹിന്ദു' പത്രത്തിന് കത്ത് നല്‍കി. മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല വരികളിലുള്ളതെന്നും വാര്‍ത്ത അനാവശ്യ വിവാദത്തിനും തെറ്റായ വ്യാഖ്യാനത്തിനും ഇടയാക്കിയതായും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവാദം അവസാനിപ്പിക്കാന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് പ്രസ് സെക്രട്ടറി പി എം മനോജ് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.   



കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഡല്‍ഹിയില്‍നിന്നു നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ രഹസ്യമായി കണ്ടത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് മലപ്പുറം ജില്ലയെ ഭീകരവല്‍ക്കരിക്കുന്ന വിധത്തിലുള്ള പരാമര്‍ശമുള്ളത്. മുസ്‌ലിം തീവ്രവാദ ശക്തികള്‍ക്കെതിരേ ഞങ്ങളുടെ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഞങ്ങള്‍ മുസ്‌ലിംകള്‍ക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, മലപ്പുറം ജില്ലയില്‍നിന്ന് കേരളാ പോലിസ് 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടിയതായും പറയുന്നുണ്ട്. ഈ പണം കേരളത്തിലേക്ക് വരുന്നത് ദേശവിരുദ്ധ-രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണെന്നും ആര്‍എസ്എസിനോട് സിപിഎമ്മിന് മൃദുസമീപനം എന്നത് സ്വര്‍ണവും ഹവാലയും പിടികൂടിയതിലുള്ള പ്രതികരണമാണെന്നുമായിരുന്നു അഭിമുഖത്തില്‍ പറഞ്ഞത്.

Tags:    

Similar News