ലക്ഷദ്വീപിലെ ജനദ്രോഹ നയങ്ങള്‍; പ്രഫുല്‍ പട്ടേലിനെതിരേ എറണാകുളത്ത് പ്രതിഷേധം
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കൊച്ചിയില്‍ പ്രതിഷേധം. നാഷനല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മട്ടാഞ്ചേരി വാര്‍ഫ് സന്ദര്‍ശിക്കാനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നേരേ മുദ്രാവാക്യം വിളിച്ചവരെ പോലിസ് കസ്റ്റഡിയിലെത്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവും വഴി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നേരേ കരിങ്കൊടി പ്രതിഷേധവുമുണ്ടായി. വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു പ്രതിഷേധം.
മട്ടാഞ്ചേരി വാര്‍ഫ് സന്ദര്‍ശിക്കാനെത്തിയ പ്രഫുല്‍ പട്ടേലിനെതിരേ എന്‍വൈസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തുകയായിരുന്നു. ദ്വീപില്‍ നടപ്പാക്കിയ കരിനിയമവും, ജോലിയില്‍ നിന്നുള്ള കൂട്ടപ്പിരിച്ചുവിടലും തുടങ്ങി ലക്ഷദ്വീപ് ജനതയെ വറുതിയില്‍ നിന്നും വറുതിയിലേക്ക് തള്ളിവിടുന്ന ഭരണകൂടത്തിന്റെ കിരാത നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു എന്‍വൈസിയുടെ പ്രതിഷേധം. എന്‍വൈസി സംസ്ഥാന പ്രസിഡന്റ് സി ആര്‍ സജിത്ത്, ദേശീയ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ കുഞ്ഞുമോന്‍, എന്‍എസ്ഇ ജില്ലാ പ്രസിഡന്റ് നഫ്‌സിന്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്. പ്രഫുല്‍ പട്ടേലിനെതിരേ സമരം കടുപ്പിക്കുകയാണ് എന്‍സിപി.
അഡ്മിനിസ്‌ട്രേറ്റര്‍ രണ്ടുവര്‍ഷമായി ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എന്‍സിപി കവരത്തിയില്‍ സമരം നടത്തുന്നുണ്ട്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് എന്‍സിപിയുടെ യുവജന സംഘടനയായ എന്‍വൈസിയുടെ കേരളത്തിലെ നേതാക്കള്‍ പ്രഫുല്‍ പട്ടേലിനെതിരേ മുദ്രാവാക്യം വിളിച്ചത്. ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷനും രംഗത്തെത്തി. ലക്ഷദ്വീപിന് സ്വയംഭരണം വേണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് ഭീമഹരജി നല്‍കാനൊരുങ്ങുകയാണ് എന്‍സിപി.