രക്ഷകനായി വീണ്ടും മെസ്സി; ഉറുഗ്വേയ്‌ക്കെതിരേ അര്‍ജന്റീനയ്ക്കു സമനില
കഴിഞ്ഞ ദിവസം ബ്രസീലിനെതിരായ സൗഹൃദ മല്‍സരത്തിലും മെസ്സി നേടിയ ഏക ഗോളിലാണ് അര്‍ജന്റീന ജയിച്ചത്
ടെല്‍ അവീവ്: ഇഞ്ചുറി ടൈമില്‍ ലയണല്‍ മെസ്സി രക്ഷകനായതോടെ ഉറുഗ്വേയ്‌ക്കെതിരേ അര്‍ജന്റീനയ്ക്കു സമനില. ഇസ്രായേലില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തിലാണ് ഇരുടീമുകളും 2-2 എന്ന നിലയില്‍ പിരിഞ്ഞത്. 92ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് ലയണല്‍ മെസ്സി അര്‍ജന്റീനയുടെ രക്ഷകനായത്. ലാറ്റിനമേരിക്കന്‍ ശക്തികള്‍ തമ്മിലുള്ള കടുത്ത പോരാട്ടത്തില്‍ 34ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയിലൂടെ ഉറുഗ്വേയാണ് ആദ്യം ലീഡ് നേടിയത്. ലുകാസ് ടൊറീറ ബോക്‌സിനുള്ളിലേക്ക് നീട്ടിനല്‍കിയ പന്ത് സുവാരസ് കവാനിക്കു നല്‍കി. കവാനി അനായാസം ഗോള്‍ വല കുലുക്കി.
ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന ഉറുഗ്വേയ്ക്ക് രണ്ടാംപകുതിയുടെ 63ാം മിനുട്ടിലാണ് തിരിച്ചടി നേരിട്ടത്. മെസ്സിയുടെ ഉജ്വലമായ ഫ്രീകിക്ക് സെര്‍ജിയോ അഗ്യൂറോ മനോഗരമായി വലയിലാക്കുകയായിരുന്നു. എന്നാല്‍ ആറുമിനിറ്റ് പിന്നിടവേ 69ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ ഉറുഗ്വേ വീണ്ടും മുന്നിലെത്തി. ഇക്കുറി ഫ്രീകിക്കിലൂടെയായിരുന്നു സുവാരസിന്റെ ഗോള്‍നേട്ടം. മല്‍സരം ഇഞ്ചുറി ടൈമിലേക്കു നീളുകയും ഉറുഗ്വേയുടെ ജയത്തിലേക്ക് നീങ്ങുമെന്നും കരുതിയ സമയത്താണ് അര്‍ജന്റീനയ്ക്ക് ആശ്വാസമായി പെനാല്‍റ്റി ലഭിച്ചത്. 92ാം മിനുട്ടില്‍ പെനാല്‍റ്റി ബോക്‌സില്‍ വച്ച് മാര്‍ട്ടിന്‍ കസിറെസ് പന്ത് കൈക്കൊണ്ട് തടഞ്ഞതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത മെസ്സി അര്‍ജന്റീനയ്ക്കു സമനില നേടിക്കൊടുക്കുകയായിരുന്നു. ഇതോടെ വിലക്കിനുശേഷം തിരിച്ചെത്തിയ രണ്ട് അന്താരാഷ്ട്ര മല്‍സരത്തിലും മെസ്സിക്ക് ഗോള്‍ നേടാനായി. കഴിഞ്ഞ ദിവസം ബ്രസീലിനെതിരായ സൗഹൃദ മല്‍സരത്തിലും മെസ്സി നേടിയ ഏക ഗോളിലാണ് അര്‍ജന്റീന ജയിച്ചത്.