അരിക്കൊമ്പനെ മാറ്റല്‍: സുപ്രിംകോടതിയില്‍ ഹരജി നല്‍കുമെന്ന് വനംമന്ത്രി

Update: 2023-04-14 06:51 GMT

തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹരജി നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അരികൊമ്പനെ മാറ്റുന്നതില്‍ സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെടും. ഹരജി ഇന്ന് തന്നെ സമര്‍പ്പിക്കും. ഓണ്‍ലൈനായിട്ടായിരിക്കും ഹരജി സമര്‍പ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അരിക്കൊമ്പന്‍ വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആനയെ എങ്ങോട്ട് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ജനങ്ങളുടെ ഭീതി കോടതിക്ക് കാണാതിരിക്കാന്‍ ആകില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ നെന്മാറ എംഎല്‍എ കെ ബാബു ചെയര്‍മാനായ ജനകീയ സമിതി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ആനയെ എങ്ങോട്ടാണ് മാറ്റേണ്ടതെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പറമ്പിക്കുളം അല്ലാതെ മറ്റു സ്ഥലങ്ങളും പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ആനയെ പിടികൂടി കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല. അരിക്കൊമ്പനെ കൂടാതെ മറ്റ് കൊമ്പന്‍മാരും ഉണ്ടെന്നും കോടതി പറഞ്ഞു. ആനയെ പിടികൂടാന്‍ എളുപ്പമാണ്. എന്നാല്‍ അതിന്റെ ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. ആനത്താരയില്‍ പട്ടയം നല്‍കിയതില്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

Tags:    

Similar News