ജയിലിലുള്ള പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തത് അന്യായം: പോപുലര്‍ ഫ്രണ്ട്

Update: 2021-09-29 05:53 GMT

കോഴിക്കോട്: യുപി പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഫിറോസ്, അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ യുപിയിലെത്തിയ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തത് അന്യായമായ നടപടിയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്യായമായി കസ്റ്റഡിയിലെടുത്തത്. കള്ളക്കേസില്‍പെടുത്തി യുപി സര്‍ക്കാര്‍ ജയിലിലടച്ച ഇരുവരേയും ജയിലില്‍ സന്ദര്‍ശിക്കാനാണ് ഭാര്യയും മക്കളും മാതാപിതാക്കളും ഉള്‍പ്പടെയുള്ളവര്‍ യുപിയിലെത്തിയത്.

എന്നാല്‍, യു.പി പോലിസിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കുടുംബാംഗങ്ങള്‍ക്ക് ഇരുവരേയും കാണാനുള്ള അവസരം നിഷേധിക്കുകയും മറ്റൊരു കേസ് കെട്ടിച്ചമച്ച് കുടുംബാംഗളേയും തടവിലാക്കാനാണ് യുപി പോലിസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. അന്‍ഷാദിനെയും ഫിറോസിനെയും ജയിലില്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ യുപിയിലേക്ക് പോയത്. ആദ്യ ദിവസം തന്നെ ജയില്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

രണ്ടാം ദിവസം വീണ്ടും സന്ദര്‍ശനത്തിന് അനുമതി തേടി പോയപ്പോഴാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ കാലാവധി കഴിഞ്ഞെന്നും പറഞ്ഞ് ബന്ധുക്കളെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വ്യാജ കേസുകള്‍ ചുമത്തി റിമാന്റ് ചെയ്യുകയും ചെയ്തു. തികഞ്ഞ ഗൂഢാലോചന ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. തടവിലാക്കപ്പെട്ടവരെ ബന്ധുക്കള്‍ കാണുന്നത് പോലും കുറ്റകൃത്യമായി കാണുന്ന വിധം യുപി സംസ്ഥാനം ഏകാധിപത്യത്തിലാണെന്നും ഇതിനെതിരേ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News