നവാബ് മാലിക്കിന്റെ അറസ്റ്റ് രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനുള്ള ഫാഷിസ്റ്റ് മാര്‍ഗം: എസ് ഡിപിഐ

ഭരിക്കുന്ന ഫാഷിസ്റ്റ് പാര്‍ട്ടിയുടെ വിശ്വസ്തനാണെണെങ്കില്‍ ഏതൊരു വഞ്ചകനും കുറ്റവാളിയും സുരക്ഷിതനാണ്. അല്ലാത്തവരെ നിരന്തരം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു.

Update: 2022-02-24 12:53 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്ര എന്‍സിപി മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റ് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ക്രൂരമായ നടപടിയാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുക എന്നത് ഫാഷിസ്റ്റ് സര്‍ക്കാരിന്റെ മുഖമുദ്രയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിങ് തുടങ്ങിയ നിരവധി ആരോപണങ്ങളാണ് മന്ത്രിക്കെതിരേ ഇഡി ഉന്നയിച്ചത്. ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെ, കോടതി തീരുമാനമെടുക്കട്ടെ- കാംബ്ലെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഒളിവില്‍പ്പോയ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുമായി നടത്തിയ വസ്തു ഇടപാടാണ് അറസ്റ്റിന് കാരണമെന്നാണ് റിപോര്‍ട്ട്. ഈ വസ്തു മാലിക് 85 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നും അതില്‍ 30 ലക്ഷം രൂപ വില്‍പ്പന കരാറില്‍ കാണിച്ചതായും ബാക്കി പണമായി നല്‍കിയതായും ആരോപിക്കുന്നു. നിലവിലുള്ള വിപണി വിലയേക്കാള്‍ വളരെ കുറവായിരുന്നു വസ്തുവിന്റെ രജിസ്റ്റര്‍ ചെയ്ത മൂല്യമെന്നാണ് ഇഡി പറയുന്നത്. യഥാര്‍ഥത്തില്‍ അധോലോക നായകനെ കുടുക്കാനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു. നിഴല്‍ പോരാട്ടത്തിന് അങ്ങനെയൊരു കഥാപാത്രത്തെയാണ് അവര്‍ക്ക് വേണ്ടത്.

ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെടാത്ത, കുറ്റവാളിയുടെ ബന്ധു എന്ന ഒരൊറ്റ കാരണത്താല്‍ വിചാരണ ചെയ്യാന്‍ ദേശീയമോ അന്തര്‍ദേശീയമോ ആയ ഏതെങ്കിലും നിയമങ്ങള്‍ അനുവദിക്കുന്നുണ്ടോ ?- അദ്ദേഹം ചോദിക്കുന്നു. കുറ്റവാളിയുടെ ബന്ധുക്കളുമായി സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുന്നത് രാജ്യത്തെ നിയമത്തിന് വിരുദ്ധമാണോ? ഇത്തരത്തില്‍ മന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

വാസ്തവത്തില്‍ നിലവിലുള്ള വിപണി മൂല്യത്തേക്കാള്‍ കുറഞ്ഞ മൂല്യത്തില്‍ വസ്തു രജിസ്റ്റര്‍ ചെയ്തുവെന്ന ഇഡിയുടെ ആരോപണം, അത്തരം ഇടപാടുകളിലേക്ക് പോവാന്‍ ആളുകളെ സഹായിക്കുന്ന സിസ്റ്റത്തിന്റെ പരാധീനതയും നിയമങ്ങളിലെ പഴുതുകളും തുറന്നുകാട്ടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റകൃത്യമോ കുറ്റകൃത്യത്തിന്റെ ഗൗരവമോ അല്ല കേസെടുക്കുന്നതിന്റെ നിര്‍ണായക ഘടകം എന്നതിന് കഴിഞ്ഞ ഏഴ് വര്‍ഷമായി രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ഇപ്പോള്‍ രാജ്യത്ത് ഒരാളെ കുറ്റവാളിയോ അല്ലാതെയോ ആക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയോടുള്ള കൂറാണ്.

ജോര്‍ജ് ബുഷിന്റെ 'നമ്മുടെ കൂടെ അല്ലെങ്കില്‍ തിന്‍മയുടെ അച്ചുതണ്ടിനൊപ്പം' എന്ന അതേ സിദ്ധാന്തമാണ് അത്തരക്കാരും പിന്തുടരുന്നത്. ഭരിക്കുന്ന ഫാഷിസ്റ്റ് പാര്‍ട്ടിയുടെ വിശ്വസ്തനാണെണെങ്കില്‍ ഏതൊരു വഞ്ചകനും കുറ്റവാളിയും സുരക്ഷിതനാണ്. അല്ലാത്തവരെ നിരന്തരം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, സംശയമില്ല. എന്നാല്‍, പാര്‍ട്ടിയുടെ വിശ്വസ്തതയുടെ അടിസ്ഥാനത്തില്‍ ആളുകളെ പ്രതിക്കൂട്ടിലാക്കുന്നതിലെ വിവേചനം ഇല്ലാതാക്കണം. അത് ഇന്നത്തെ ഫാഷിസ്റ്റ് ഭരണത്തില്‍നിന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല- കാംബ്ലെ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News