ജീവനുള്ള കാലത്തോളം ഡിസംബര്‍ ആറിനെ കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും: അസദുദ്ദീന്‍ ഉവൈസി
ഹൈദരാബാദ്: അയോധ്യയിലെ ബാബരി മസ്ജിദ് ഹിന്ദുത്വ ആള്‍ക്കൂട്ടം തകര്‍ത്ത ഡിസംബര്‍ ആറിനെ കുറിച്ച് ജനങ്ങളെ നിരന്തരം ഓര്‍മിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ജീവനുള്ള കാലത്തോളം ഡിസംബര്‍ ആറിനെ കുറിച്ച് ഞാന്‍ ആളുകളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. ആരെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് അവരുടെ ചെവിയില്‍ പഞ്ഞി നിറയ്ക്കാം. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്ത ഇസ്രായേലിലോ ഉത്തര കൊറിയയിലോ ആണോ നമ്മളുള്ളത്. ഞാന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ആവര്‍ത്തിച്ച അദ്ദേഹം തന്റെ പ്രസംഗം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തമാക്കി. ആരാധനാലയ നിയമം രാജ്യത്തെ പാലിക്കേണ്ട നിയമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചാല്‍, പള്ളികളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും ആശങ്കകളും പഴയ കാര്യമായി മാറും. എന്റെ പ്രസംഗം സത്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തില്ലേ?. ആരും ശിക്ഷിക്കപ്പെട്ടില്ല എന്നത് ഒരു വസ്തുതയല്ലേ?. എന്തുകൊണ്ട് മോദി സര്‍ക്കാര്‍ സുപ്രിം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കിയില്ല?. മസ്ജിദ് നിലനിന്നിരുന്നെങ്കില്‍ സുപ്രിം കോടതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു വിധി ഉണ്ടാകുമായിരുന്നോ? എന്നും അദ്ദേഹം ചോദിച്ചു. 'വിധി വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. സുനെഹ്‌രി, ടീലെ വാലി പള്ളികള്‍ പോലുള്ള മറ്റ് പള്ളികള്‍ ഭീഷണി നേരിടുന്നതിനാല്‍ ഞങ്ങളുടെ ആശങ്കകള്‍ സത്യമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. അതെ, വിധി അന്തിമമായിരുന്നു. എന്നാല്‍ ജസ്റ്റിസ് വര്‍മ പറഞ്ഞതുപോലെ, സുപ്രിം കോടതി പരമോന്നതമാണ്, പക്ഷേ ഒരിക്കലും തെറ്റുപറ്റാത്തതല്ലെന്നും അപ്രമാദിത്തമല്ലെന്നും ഉവൈസി പറഞ്ഞു.