ഇറ്റലിയില്‍ അഭയാര്‍ഥി കപ്പല്‍ മുങ്ങി 43 മരണം; 80 പേരെ രക്ഷപ്പെടുത്തി

Update: 2023-02-26 13:19 GMT

റോം: ഇറ്റലിയിലേക്ക് അഭയാര്‍ഥികളുമായി സഞ്ചരിക്കുകയായിരുന്ന കപ്പല്‍ മെഡിറ്റനേറിയന്‍ കടലില്‍ തകര്‍ന്ന് 43 പേര്‍ മരിച്ചു. കപ്പലിലുണ്ടായിരുന്ന 80 പേരെ രക്ഷപ്പെടുത്തി. ദക്ഷിണ ഇറ്റലിയിലെ കാലാബ്രിയ പട്ടണത്തിന് സമീപത്തുള്ള തീരത്താണ് അപകടം സംഭവിച്ചത്. മേഖലയിലെ സ്‌റ്റെകാറ്റോ ഡി കുട്രോ എന്ന ആഡംബര റിസോര്‍ട്ടിന് സമീപത്ത് വച്ച് കടലിലെ പാറക്കൂട്ടത്തില്‍ ഇടിച്ച് കപ്പല്‍ മുങ്ങിത്താഴുകയായിരുന്നു. 120ഓളം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന കപ്പല്‍ തീരത്ത് നിന്ന് 300 മീറ്റര്‍ അകലെയാണ് മുങ്ങിത്താഴ്ന്നത്.

യാത്രികരില്‍ ചിലര്‍ നീന്തി കരയ്ക്കടുക്കുകായിരുന്നു. മറ്റുള്ളവരെ തീരസംരക്ഷണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലാണി, അപകടകരമായ യാത്രാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന മനുഷ്യക്കടത്തുകാര്‍ ഇത്തരം ദുരന്തങ്ങള്‍ വരുത്തിവയ്ക്കുന്നതാണെന്ന് വിമര്‍ശിച്ചു. 'മെച്ചപ്പെട്ട യുറോപ്പ്യന്‍ ജീവിതം' എന്ന അയാഥാര്‍ഥ മായികസ്വപ്‌നം അഭയാര്‍ഥികള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കുടിയേറ്റ വിരുദ്ധയായ മെലോണി പറഞ്ഞു. യൂറോപ്പിലേക്ക് കുടിയേറുന്നവരുടെ പ്രധാനയാത്രാമാര്‍ഗമാണ് മെഡിറ്റനേറിയന്‍ കടലിലൂടെയുള്ള കപ്പല്‍യാത്ര. ഇറ്റാലിയന്‍ ഭരണകൂടം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ, രാജ്യത്തേക്ക് കടക്കാന്‍ അപകടകരമായ മാര്‍ഗങ്ങള്‍ തേടുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.

Tags:    

Similar News