മെക്‌സിക്കോയില്‍ റോഡപകടത്തില്‍ 49 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു

Update: 2021-12-10 01:07 GMT

ടക്‌സ്റ്റ്‌ല ഗുട്ടിറെസ്: തെക്കന്‍ സംസ്ഥാനമായ ചിയാപാസില്‍ മെക്‌സിക്കോയില്‍ ട്രക്ക് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മറിഞ്ഞതിനെത്തുടര്‍ന്ന് 49 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക പ്രോസിക്യൂട്ടര്‍ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.

40 പേര്‍ക്ക് പരിക്കേറ്റു. അവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ പ്രധാന ട്രാന്‍സിറ്റ് പോയിന്റിലാണ് അപകടമെന്ന് ഗ്വാട്ടിമാല അതിര്‍ത്തിയോട് ചേര്‍ന്ന സംസ്ഥാനമായ ചിയാപാസിലെ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

ചിയാപ ഡി കോര്‍സോ നഗരത്തെ സംസ്ഥാന തലസ്ഥാനമായ ടക്‌സ്റ്റ്‌ല ഗുട്ടറെസുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് നിയന്ത്രണം വിട്ട വാഹനം അപകടത്തില്‍പ്പെട്ടത്. ട്രക്ക് അമിത വേഗതയിലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പരിക്കേറ്റവര്‍ക്ക് അടിയന്തര ചികില്‍സയും സഹായവും ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ഗവര്‍ണര്‍ റുട്ടിലിയോ എസ്‌കാന്‍ഡോണ്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Tags:    

Similar News