ലിബിയന്‍ തീരത്ത് കപ്പല്‍ തകര്‍ന്ന് 74 കുടിയേറ്റക്കാര്‍ക്ക്‌ ദാരുണാന്ത്യം

മധ്യ മെഡിറ്ററേനിയനില്‍ കുടിയേറ്റ കപ്പല്‍ തകര്‍ന്നുണ്ടാവുന്ന ദുരന്തങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്.

Update: 2020-11-13 05:02 GMT

ട്രിപ്പോളി: ലിബിയന്‍ തീരമായ ഖോംസില്‍ കപ്പല്‍ തകര്‍ന്ന് 74 കുടിയേറ്റക്കാര്‍ മരിച്ചതായി യുഎന്നിന്റെ കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര സമിതി (ഐഒഎം). മധ്യ മെഡിറ്ററേനിയനില്‍ കുടിയേറ്റ കപ്പല്‍ തകര്‍ന്നുണ്ടാവുന്ന ദുരന്തങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്.

അപകടത്തില്‍ പെട്ട യാനത്തില്‍ 120ല്‍ അധികം പേര്‍ ഉണ്ടായിരുന്നതായും 47 പേരെ ലിബിയന്‍ തീരസംരക്ഷണ സേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയതായി ഐഒഎം അറിയിച്ചു. 31 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ബാക്കിയുള്ളവര്‍ക്കു വേണ്ടി വേണ്ടി തിരച്ചില്‍ തുടരുകയുമാണ്. ഒക്ടോബര്‍ ഒന്നിന് ശേഷം മധ്യ മെഡിറ്ററേനിയനില്‍ ഉണ്ടായ എട്ടാമത്തെ കപ്പല്‍ച്ഛേദമാണിത്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് 120 കിലോമീറ്റര്‍ (75 മൈല്‍) പടിഞ്ഞാറ് മാറിയുള്ള തുറമുഖ നഗരമാണ് ഖോംസ്.

മധ്യ മെഡിറ്ററേനിയനില്‍ രണ്ട് ബോട്ടുകള്‍ മറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് കുട്ടികളടക്കം 19 പേര്‍ മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 20,000 ത്തിലധികം കുടിയേറ്റക്കാരാണ് കപ്പല്‍ തകര്‍ന്ന് മുങ്ങിമരിച്ചതെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു.

2011ലെ ഖദ്ദാഫിയുടെ പതനത്തിന് ശേഷം ലിബിയയിലെ അരാജകത്വം മുതലെടുത്ത് മനുഷ്യക്കടത്ത് സംഘങ്ങള്‍ ഇവിടെ സജീവമായിരിക്കുകയാണ്. യുദ്ധത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും പലായനം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് യൂറോപ്പിലെത്താനുള്ള തീവ്രമായ ശ്രമങ്ങള്‍ക്ക് ലിബിയ പ്രധാന ഇടത്താവളമായി മാറുകയും ചെയ്യുന്നു.

Tags:    

Similar News