ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വ്യാജ ഭൂപടവുമായി പാകിസ്താന്‍;മോസ്‌കോ യോഗത്തില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

ഇന്ത്യന്‍ പ്രദേശങ്ങള്‍ പാകിസ്താന്റെ ഭാഗമായി ചിത്രീകരിക്കുന്ന വ്യാജ ഭൂപടം പാകിസ്താന്‍ തങ്ങളുടെ പ്രതിനിധികളുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ സംഘത്തിന്റെ നടപടി.

Update: 2020-09-16 02:34 GMT

ന്യൂഡല്‍ഹി: റഷ്യ ആതിഥേയത്വം വഹിച്ച ഷാങ്ഹായ് സഹകരണ സമിതിയുടെ യോഗത്തില്‍നിന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇന്ത്യന്‍ സംഘവും ഇറങ്ങിപ്പോയി. ഇന്ത്യന്‍ പ്രദേശങ്ങള്‍ പാകിസ്താന്റെ ഭാഗമായി ചിത്രീകരിക്കുന്ന വ്യാജ ഭൂപടം പാകിസ്താന്‍ തങ്ങളുടെ പ്രതിനിധികളുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ സംഘത്തിന്റെ നടപടി. പാകിസ്താന്റെ നഗ്നമായ മാനദണ്ഡ ലംഘനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധമാണ് ഇന്ത്യന്‍ പക്ഷത്തിന്റെ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാകിസ്താന്‍ അടുത്തിടെ പ്രചരിപ്പിച്ച ഒരു സാങ്കല്‍പ്പിക ഭൂപ്പടം പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മനപ്പൂര്‍വ്വം പ്രതിഷ്ടിക്കുകയായിരുന്നുവെന്ന് വിഷയത്തെക്കുറിച്ച് ചോദ്യത്തിന് മറുപടിയായി മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രസ്താവനയില്‍ പറഞ്ഞു. ആതിഥേയര്‍ നല്‍കിയ ഉപദേശത്തെ നിസാരമായി അവഗണിക്കുകയും യോഗത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചുമാണ് ഈ നടപടിയെന്ന് ഇന്ത്യ ആരോപിച്ചു. തുടര്‍ന്ന് ആതിഥേയരുമായി കൂടിയാലോചിച്ച ശേഷം ഇന്ത്യന്‍ സംഘം യോഗത്തില്‍ നിന്ന് പുറത്തുപോയി. 'പ്രതീക്ഷിച്ചതുപോലെ, പാക്കിസ്താന്‍ ഈ കൂടിക്കാഴ്ചയില്‍ തെറ്റിദ്ധാരണ പരത്തുന്ന കാഴ്ചപ്പാടാണ് അവതരിപ്പിച്ചതെന്നും അനുരാഗ് ശ്രീവാസ്തവ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആഗസ്ത് 4ന് പുറത്തിറക്കിയ ഭൂപ്പടം, ഇന്ത്യയുടെ ഭാഗമായ ജമ്മു കശ്മീര്‍, ലഡാക്ക്, ഗുജറാത്തിലെ സര്‍ ക്രീക്ക് എന്നിവ പാകിസ്താന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നു. പരമാധികാര ഇന്ത്യന്‍ പ്രദേശങ്ങളെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിക്കുന്ന സാങ്കല്‍പ്പിക ഭൂപടം ഇസ്‌ലാമാബാദ് ഉപയോഗിക്കുന്നത് എസ്‌സിഒ ചാര്‍ട്ടറിന്റെ നഗ്‌നമായ ലംഘനമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ നിയമവിരുദ്ധ ഭൂപടം പാകിസ്താന്‍ ഉപയോഗിക്കുന്നതിനെതിരേ ഇന്ത്യ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

അധ്യക്ഷനെന്ന നിലയില്‍ പാക്കിസ്താന്‍ അങ്ങനെ ചെയ്യുന്നത് തടയാന്‍ റഷ്യ ഏറെ ശ്രമം നടത്തിയിരുന്നു. പാകിസ്താന്റെ ചെയ്തിയെ റഷ്യ പിന്തുണയ്ക്കുന്നില്ലെന്നും ഇസ്‌ലാമാബാദിന്റെ പ്രകോപനപരമായ നടപടി എസ്‌സിഒയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ ബാധിക്കില്ലെന്നുമാണ് കരുതുന്നത്.-ഉന്നതതല വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, മിക്ക അന്താരാഷ്ട്ര വേദികളിലും കശ്മീരിനെ ഉയര്‍ത്തിക്കാട്ടാന്‍ പാകിസ്താന്‍ ശ്രമം നടത്തിവരികയാണ്. കൊറോണ വ്യാപനം മൂലം ഓണ്‍ലൈന്‍ മീറ്റിങ് ആയതിനാലാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് അത്തരമൊരു മാപ്പ് കാണിക്കാന്‍ പാകിസ്താന് കഴിഞ്ഞത്.

Tags:    

Similar News