മാധ്യമ പ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം: അഞ്ചു പേര്‍ അറസ്റ്റില്‍

നരിക്കുനി കാവുംപൊയില്‍ കാരുകുളങ്ങര സ്വദേശികളായ അതുല്‍ (22), അഖില്‍ (26) അനുരാഗ് (24), പ്രശോഭ് (24), ഗോകുല്‍ദാസ് (25) എന്നിവരെയാണ് മാധ്യമം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപോര്‍ട്ടര്‍ സി പി ബിനീഷിനെ ആക്രമിച്ച കേസില്‍ കൊടുവള്ളി പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2020-05-21 19:25 GMT

കോഴിക്കോട്: ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. നരിക്കുനി കാവുംപൊയില്‍ കാരുകുളങ്ങര സ്വദേശികളായ അതുല്‍ (22), അഖില്‍ (26) അനുരാഗ് (24), പ്രശോഭ് (24), ഗോകുല്‍ദാസ് (25) എന്നിവരെയാണ് മാധ്യമം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപോര്‍ട്ടര്‍ സി പി ബിനീഷിനെ ആക്രമിച്ച കേസില്‍ കൊടുവള്ളി പോലിസ് അറസ്റ്റ് ചെയ്തത്.

നരിക്കുനിക്കടുത്ത് കാവുംപൊയിലിലാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. ബുധനാഴ്ച രാത്രി പത്തിന് പൂനൂരിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് മോഷ്ടാവ് എന്നാരോപിച്ച് ബിനീഷിനെ മുക്കാല്‍ മണിക്കൂറോളം നടുറോഡില്‍ രാത്രി തടഞ്ഞുവച്ചതും അപമാനിച്ചതും.

വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഫോണ്‍ വന്നപ്പോള്‍ വണ്ടിനിര്‍ത്തി സംസാരിച്ച ശേഷം യാത്ര തുടരുന്നതിനിടെഅതുല്‍ ഭീഷണിയുമായെത്തുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകനാണ് എന്നു ബോധിപ്പിച്ചിട്ടും ഇയാള്‍ അസഭ്യം തുടരുകയും കൂടുതല്‍ പേരെ വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് എന്നാരോപിച്ച് ബിനീഷിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയതായും കൊടുവള്ളി പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ സംഘം വണ്ടിയുടെ താക്കോലും കൈക്കലാക്കി. സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം വേണുഗോപാല്‍ പ്രശ്‌ന പരിഹാരത്തിന് പകരം സംഭവം കൂടുതല്‍ വഷളാക്കി. കൊടുവള്ളി സിഐ പി ചന്ദ്രമോഹനെ ബിനീഷ് ബന്ധപ്പെട്ടതിനെതുടര്‍ന്ന് പോലിസ് സംഘം എത്തിയ ശേഷമാണ് ബിനീഷിനെ വിട്ടയച്ചത്. ബിനീഷിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 15 ഓളം പേര്‍ക്കെതിരേ കൊടുവള്ളി പോലിസ് കേസെടുത്തിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി റൂറല്‍ എസ്പിക്കും പരാതി നല്‍കി. 

Tags:    

Similar News