യുറ്റിയൂബര്‍ക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്
പോലിസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും മറ്റ് പ്രതികളുടെയും പ്രധാനവാദം
കൊച്ചി: യുറ്റിയൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കൂട്ടരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പോലിസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി നായരുമായി പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനാണ് ലോഡ്ജില്‍ പോയതെന്നും പ്രതികള്‍ അവകാശപ്പെട്ടു
അതേസമയം, ഭാഗ്യലക്ഷ്മിയുടെയും മറ്റും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന ആവശ്യപ്പെട്ട്് വിജയ് പി നായര്‍ ഹൈക്കോടതിയെ സമീപിച്ചു. ഭാഗ്യലക്ഷ്മിയും മറ്റും തന്റെ താമസസ്ഥലത്തെത്തി കൈയേറ്റം ചെയ്യുകയായിരുന്നു. തന്റെ ഫോണും ലാപ്‌ടോപ്പും സ്വമേധയാ കൈമാറിയതാണെന്ന ജാമ്യഹര്‍ജിയിലെ വാദം ശരിയല്ല. താന്‍ പറഞ്ഞതുപ്രകാരമാണ് അവര്‍ വന്നതെന്ന വാദവും തെറ്റാണ്. സെപ്റ്റംബര്‍ 26ലെ സംഭവം അവര്‍ ചിത്രീകരിച്ച ഫോണ്‍ പോലിസ് കണ്ടെടുത്തിട്ടില്ല. അവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് വിജയ് പി നായരുടെ ആവശ്യം.