എസ്ഡിപിഐ പ്രവര്‍ത്തകനെതിരായ വധശ്രമം; മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെ: എസ്ഡിപിഐ
കൂട്ടായി: കൂട്ടായി ആശാന്‍ പടിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ ലീഗ് മണ്ഡലം നേതാവുള്‍പ്പെടുന്ന സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം മുസ്‌ലിം ലീഗ് തവനൂര്‍ മണ്ഡലം നേതൃത്വത്തിന്റെ അറിവോടെയാണെന്നത് വ്യക്തമാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി പറഞ്ഞു. പരിക്കേറ്റ അഷ്‌കറിന്റെ വീട് അദ്ദേഹം സന്ദര്‍ശിച്ചു.
മുസ്‌ലിം ലീഗ് മംഗലം പഞ്ചായത്ത് കമ്മിറ്റി സംഭവത്തിന് ശേഷം യോഗം ചേര്‍ന്നെങ്കിലും പ്രതികളെ തള്ളിപ്പറയാനോ സംഭവത്തെ അപലപിക്കാനോ തയ്യാറായില്ല എന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. തീരദേശത്ത് മുന്‍കാലങ്ങളിലേത് പോലെ ഗുണ്ടായിസം നടത്തി നേട്ടം കൊയ്യാനാണ് ലീഗ് ശ്രമിക്കുന്നത്. മുമ്പുണ്ടായ മുസ്‌ലിം ലീഗ് സിപിഎം സംഘര്‍ഷങ്ങളില്‍ വീട് കത്തിച്ചത് ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഫറൂഖിന്റെയും റാഫിയുടെയും നേതൃത്വത്തിലാണ് ക്രൂരമായ ഈ അക്രമം നടന്നിട്ടുള്ളത്.
അഷ്‌കറിന്റെ സഹോദരിയെ മാനഹാനിപ്പെടുത്തിയ മുസ്‌ലിം ലീഗ് തവനൂര്‍ മണ്ഡലം നേതാവ് റാഫി പ്രസ്തുത കേസ് പിന്‍വലിച്ചു കൊടുക്കുന്നതിന് അഷ്‌കറിനെ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് വഴങ്ങാത്തതിന്റെ പേരിലാണ് മുസ്‌ലിം ലീഗ് മണ്ഡലം നേതൃത്വത്തിന്റെ അറിവോടെ അഷ്‌കറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.
മുസ്‌ലിം ലീഗിന്റെ ഗുണ്ടായിസത്തിന് കൂട്ടുനില്‍ക്കുന്ന ചില പോലിസ് ഉദ്യോഗസ്ഥരുടെ സമീപനം അത്യന്തം അപകടകരവും തീരദേശത്ത് സമാധാനത്തിന് ഭംഗം വരുത്തുന്നതുമാണ്. ഇവരെ സംരക്ഷിക്കുന്ന ലീഗിന്റെയും തിരൂര്‍ സിഐ ജിനേഷിന്റെയും നിലപാട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് തീരദേശ മേഖലയില്‍ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അഷ്‌കറിന്റെ വീട് സന്ദര്‍ശിച്ച സംഘത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ. കെസി നസീര്‍, അബ്ദുള്ളക്കുട്ടി, നാസര്‍, ആദില്‍ മംഗലം, ഗഫൂര്‍, ശാക്കിര്‍ കൂട്ടായി റഷീദ് എന്നിവര്‍ ഉണ്ടായിരുന്നു