റോഹിങ്ഗ്യന്‍ മുസ്‌ലിം വംശഹത്യ: സൈന്യത്തെ ന്യായീകരിച്ച് ഓങ്‌സാന്‍ സൂചി

കോടതിക്കുപുറത്ത് സൂചിയെ എതിര്‍ത്ത് കൊണ്ട് ജനങ്ങള്‍ ഒത്തുകൂടി. മ്യാന്‍മറില്‍ രോഹിന്‍ഗ്യകള്‍ക്കെതിരേ ക്രൂരമായ ആക്രമണം നടത്തിയിട്ടും സൈന്യത്തെ ന്യായീകരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

Update: 2019-12-12 11:25 GMT

ഹേഗ്: റോഹിങ്ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യ നടക്കുന്നുവെന്ന യുഎന്‍ വാദങ്ങളെ എതിര്‍ത്ത് നൊബേല്‍ ജേതാവും മ്യാന്‍മര്‍ നേതാവുമായ ഓങ്‌സാന്‍ സൂചി. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന വിചാരണയിലാണ് അവര്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ ക്രൂരതകളെ ന്യായീകരിച്ച് സംസാരിച്ചത്. റോഹിന്‍ഗ്യന്‍കളെ ഇല്ലായ്മ ചെയ്യുന്നതിനായി വംശഹത്യ നടത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണ് മ്യാന്‍മറിനെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. വംശഹത്യക്കെതിരായ നിയമങ്ങള്‍ മ്യാന്‍മര്‍ ലംഘിച്ചെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍ മ്യാന്‍മറിലെ യഥാര്‍ഥ അവസ്ഥകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അപൂര്‍ണവുമായ വിവരങ്ങളാണ് ഗാംബിയ നല്‍കിയതെന്ന് സൂചി കോടതിയെ അറിയിച്ചു. ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും 7,40,000 പേര്‍ പലായനം ചെയ്യുകയും ചെയ്ത സൈനികനടപടിക്കെതിരെയാണ് അന്തരാഷ്ട്ര കോടതിയില്‍ വിചാരണ നടക്കുന്നത്.

ചില സമയങ്ങളില്‍ സൈന്യം ബലപ്രയോഗം നടത്തിയിരിക്കാം. വംശഹത്യ നടന്നിരുന്നുവെങ്കില്‍ അതിനു കാരണക്കാരായ സൈനികരെയും ഓഫിസര്‍മാരെയും ശിക്ഷിക്കുമായിരുന്നു. എന്നാല്‍ ആക്രമണം നടത്തിയെന്നത് സാങ്കല്‍പ്പിക കഥയാണന്നും സൂചി വ്യക്തമാക്കി.

2017 മുതല്‍ മ്യാന്‍മറില്‍ നിന്ന് ലക്ഷകണക്കിന് രോഹിന്‍ഗ്യകളെയാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതെന്ന് ഗാംബിയക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു.

കോടതിക്കുപുറത്ത് സൂചിയെ എതിര്‍ത്ത് കൊണ്ട് ജനങ്ങള്‍ ഒത്തുകൂടി. മ്യാന്‍മറില്‍ രോഹിന്‍ഗ്യകള്‍ക്കെതിരേ ക്രൂരമായ ആക്രമണം നടത്തിയിട്ടും സൈന്യത്തെ ന്യായീകരിക്കുകയാണന്നും ആരോപണം ഉയര്‍ന്നിരുന്നു. സൂചിയുടെ വാക്കുകള്‍ ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. പച്ച നുണകള്‍ കേള്‍ക്കേണ്ടിവന്നതില്‍ ഒരു മ്യാന്‍മര്‍ പൗരനെന്ന നിലയില്‍ ലജ്ജ തോന്നുന്നതായി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മ്യാന്‍മറിലെ വിദ്യാഭ്യാസ പ്രവര്‍ത്തകനും ബുദ്ധമതക്കാരനുമായ മാവുങ് സര്‍നി പറഞ്ഞു.

Tags:    

Similar News