'മോദിയെ ഭിന്നിപ്പിന്റെ തലവനാ'ക്കിയ ആതിഷ് തസീറിനെതിരേ സംഘപരിവാരം
റിപോര്‍ട്ട് പുറത്തുവന്നതിന് ശേഷം ആതിഷിന്റെ വിക്കിപീഡിയ പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ സംഘപരിവാരം പ്രചരിപ്പിക്കുന്നത്.
ന്യൂഡല്‍ഹി: മോദിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്റെ ഫീച്ചര്‍ തയ്യാറാക്കിയ ആതിഷ് തസീറിന്റെ വിക്കിപീഡിയ പേജില്‍ സംഘപരിവാരത്തിന്റെ ആക്രമണം. മാഗസിന്‍ പുറത്തിറങ്ങിയതിന് ശേഷം ആതിഷിന്റെ വിക്കിപീഡിയ പേജില്‍ നിരവധി തിരുത്തലുകള്‍ സംഭവിച്ചെന്ന് ആള്‍ട്ട് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. റിപോര്‍ട്ട് പുറത്തുവന്നതിന് ശേഷം ആതിഷിന്റെ വിക്കിപീഡിയ പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ സംഘപരിവാരം പ്രചരിപ്പിക്കുന്നത്. ബ്രിട്ടീഷ് പൗരനായ ആതിഷിന്റെ വിക്കിപീഡിയ പേജില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ പിആര്‍ മാനേജര്‍ ആണെന്നാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുള്ളത്.
So this guys Aatish Taseer works as PR manager for Indian National Congress. No doubt Time magzine has lost their credibilty and has become mouthpiece of Leftist. pic.twitter.com/ZIUWUuB9TZ
— Chowkidar Shash (@pokershash) May 10, 2019
അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്ന് സ്ഥാപിക്കാനാണ് ബിജെപി അനുഭാവികളുടെ ശ്രമം. വിക്കിപീഡിയയിലെ വരുത്തിയ മാറ്റങ്ങളില്‍ അക്ഷരത്തെറ്റുകളുണ്ടെന്നതും ശ്രദ്ധേയമാണ്.'ഇപ്പോള്‍ ഇയാള്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പിആര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. ടൈം മാഗസിന് അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ട് അവര്‍ ഇടതു പക്ഷത്തിന്റെ മുഖപത്രമായി മാറിയിരിക്കുന്നു എന്നതില്‍ സംശയമൊന്നുമില്ല'.ആതിഷിനെതിരെ വന്ന ബിജെപി അനുഭാവിയായ ശശാങ്ക് സിങ് എന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ ട്വീറ്റാണിത്. ഇത് 500ലധികം തവണയാണ് റീട്വീറ്റ് ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ചൗകിദാര്‍ സ്മൃതി ഇറാനി എന്ന ട്വിറ്റര്‍ അക്കൗണ്ടും ശശാങ്ക് സിങ്ങിനെ ഫോളോ ചെയ്യുന്നുണ്ട്.
ആതിഷിന്റെ വിക്കിപീഡിയ പേജ് മെയ് പത്തിന്, അതായത് മോദിയെക്കുറിച്ചുള്ള ഫീച്ചര്‍ സ്‌റ്റോറി ടൈം പ്രസിദ്ധീകരിച്ച ദിവസം നിരവധി തവണയാണ് എഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.മോദിസര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആതിഷ് തസീറെഴുതിയ ലേഖനവും മോദിയുടെ കാരിക്കേച്ചറും ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.
ആദ്യമായല്ല മോദി ടൈം മാഗസിന്റെ കവറില്‍ പ്രത്യക്ഷപ്പെടുന്നതെന്നതും ഇതിനുമുന്‍പ് എങ്ങനെയാണ് അവര്‍ മോദിയോടു പുലര്‍ത്തിയ സമീപനമെന്നും ശ്രദ്ധേയമാണ്.10 വര്‍ഷക്കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കേ അവിടെ മോദി നടപ്പാക്കിയ വികസനത്തെ അഭിനന്ദിച്ചു കൊണ്ടായിരുന്നു മോദി ആദ്യമായി ടൈംസിന്റെ കവറില്‍ പ്രത്യക്ഷപ്പെടുന്നത്.അടുത്തത് 2015ലായിരുന്നു. വൈ മോദി മാറ്റേഴ്‌സ് എന്ന തലക്കെട്ടോടുകൂടിയുള്ള കവറില്‍ മോദിയുടെ ഒരു പൂര്‍ണചിത്രമാണുണ്ടായിരുന്നത്. മോദിയുമായുള്ള എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ആയിരുന്നു ഉള്ളടക്കം. ഏഷ്യയെ ഒരു ആഗോളശക്തിയാക്കാന്‍ മോദിക്കു കഴിയുമോ എന്ന ചോദ്യവും അവരതിന്റെ കൂടെ നല്‍കി.
അതില്‍ നിന്നും തികച്ചും ഭിന്നമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കവര്‍. നാലുവര്‍ഷത്തിനുശേഷം മോദിയുടെ പ്രതിച്ഛായ കൂപ്പുകുത്തിയതിന് ഉദാഹരണം കൂടിയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ ടൈം മാഗസിന്റെ പുതിയ ലക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.