ബാബരി അനുസ്മരണം: സംഘപരിവാറിന്റെ വര്‍ഗീയ ധ്രുവീകരണത്തിന് പിണറായി പോലിസ് കുടപിടിക്കുന്നു-കാംപസ് ഫ്രണ്ട്
ജനാധിപത്യപരമായി കാംപസ് ഫ്രണ്ട് നടത്തിയ പരിപാടി വിദ്യാര്‍ഥികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിടലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. ഇത് സംഘപരിവാരത്തെ വലിയ രീതിയില്‍ അലോസരപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട: ബാബരി അനുസ്മരണത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് നടത്തിയ ബാഡ്ജ് വിതരണത്തിനെതിരേ കേസെടുത്ത് പിണറായി സര്‍ക്കാര്‍ സംഘപരിവാര്‍ കുപ്രചരണങ്ങള്‍ക്ക് കുട പിടിക്കുകയാണെന്ന് കാംപസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍. ജനാധിപത്യപരമായി കാംപസ് ഫ്രണ്ട് നടത്തിയ പരിപാടി വിദ്യാര്‍ഥികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിടലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്. ഇത് സംഘപരിവാരത്തെ വലിയ രീതിയില്‍ അലോസരപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ബാഡ്ജ് വിതരണം ചെയ്യുകയും ആവശ്യപ്പെട്ടവര്‍ക്ക് ബാഡ്ജ് ധരിക്കാന്‍ സഹായിക്കുകയുമാണ് ചെയ്തത്. ബാഡ്ജ് സ്വീകരിച്ച് നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഫോട്ടോകളില്‍ നിന്നും അത് വ്യക്തമാണ്. ബാഡ്ജ് വിതരണം ചെയ്ത പത്തനംതിട്ട ജില്ലാ സെക്രട്ടറി മുനീറിനെതിരേയും മറ്റു പ്രവര്‍ത്തകര്‍ക്കെതിരേയും സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിക്ക് വഴങ്ങി പോലിസ് കേസെടുക്കുകയും വീടുകളടക്കം റെയ്ഡ് ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്. ഇത് തികച്ചും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണ്.
സംഘപരിവാര്‍ സംഘടനകള്‍ മാത്രമാണ് വിഷയത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ബാബരിയുടെ ഓര്‍മകളെപ്പോലും ഭയക്കുന്ന സംഘപരിവാര്‍ വിദ്യാര്‍ഥികള്‍ക്കിടല്‍ നടത്തിയ ബാഡ്ജ് വിതരണത്തെപ്പോലും വര്‍ഗീയവത്കരിക്കുകയാണ്. സ്‌കൂള്‍ പരിസരത്തടക്കമുള്ള സിസിടിവികളും ഫോട്ടോകളും പരിശോധിച്ചാല്‍ തന്നെ വിദ്യാര്‍ഥികള്‍ സ്വമേധയാണ് പരിപാടിയില്‍ പങ്കാളികളായതെന്ന് വ്യക്തമാവും. വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ച പരിപാടിക്കെതിരേ സംഘപരിവാറിന്റെ നട്ടാല്‍ മുളക്കാത്ത നുണകളേറ്റെടുത്ത് പിണറായി പോലിസ് കാണിക്കുന്ന സംഘപരിവാര്‍ വിധേയത്വം അവസാനിപ്പിക്കണമെന്നും ജനാധിപത്യ പ്രക്ഷോഭങ്ങളെ അറസ്റ്റ് ചെയ്തും റെയ്ഡ് നടത്തിയും ഭയപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും മുഹമ്മദ് ഷാന്‍ കൂട്ടിച്ചേര്‍ത്തു.