ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഒമ്പതു മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രിംകോടതി

ഈ വര്‍ഷം സപ്തംബറില്‍ റിട്ടയര്‍ ചെയ്യാനിരുന്ന ജഡ്ജിയുടെ കാലാവധി 2020 മാര്‍ച്ച് വരെ നീട്ടാനും സുപ്രിം കോടതി ഉത്തരവിട്ടു. കേസില്‍ തെളിവുകള്‍ രേഖപ്പെടുത്തുന്നത് ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കണം.

Update: 2019-07-19 09:38 GMT

ന്യൂഡല്‍ഹി: 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്ക കേസില്‍ ഒമ്പതു മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രിം കോടതി പ്രത്യേക സിബിഐ ജഡ്ജി സീരേന്ദ്ര കുമാര്‍ യാദവിനോട് ആവശ്യപ്പെട്ടു. ഈ വര്‍ഷം സപ്തംബറില്‍ റിട്ടയര്‍ ചെയ്യാനിരുന്ന ജഡ്ജിയുടെ കാലാവധി 2020 മാര്‍ച്ച് വരെ നീട്ടാനും സുപ്രിം കോടതി ഉത്തരവിട്ടു. കേസില്‍ തെളിവുകള്‍ രേഖപ്പെടുത്തുന്നത് ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കണം.

2017 ഏപ്രില്‍ 19ലെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക കോടതിയില്‍ മുതിര്‍ന്ന സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസിലെ വിചാരണ നടക്കുന്നത്. ഒരു ദിവസവും മുടങ്ങാതെ പള്ളി തകര്‍ത്ത ക്രിമിനല്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം.

എന്നാല്‍, സപ്തംബര്‍ 30ന് തന്റെ കാലാവധി തീരുമെന്ന് കാണിച്ച് കഴിഞ്ഞ മെയ് 30ന് പ്രത്യേക കോടതി ജഡ്ജി എസ് കെ യാദവ് സുപ്രിംകോടതിക്ക് കത്തയച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം സമയംകൂടി നീട്ടിത്തരണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ബാബരി ധ്വംസനക്കേസിലെ വിധി വരുന്നതു വരെ കാലാവധി നീട്ടുന്നതു സംബന്ധിച്ച് ഈ മാസം 19ന് മറുപടി നല്‍കാന്‍ ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്വാനിയും ജോഷിയും ഉമാഭാരതിയും ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ ജാമ്യത്തിലാണ്.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് എല്‍ കെ അദ്വാനി, മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍, സാധ്വി ഋതംഭര, വി എച്ച് ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, സതീശ് പ്രധാന്‍, സി ആര്‍ ബന്‍സല്‍, ആര്‍ വി വേദാന്തി, പരമഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി എല്‍ ശര്‍മ, നൃത്യ ഗോപാല്‍ ദാസ്, ധരംദാസ്, സതീശ് നഗര്‍, മൊരേശ്വര്‍ സാവെ എന്നിവരടക്കമുള്ള ബിജെപി, വിഎച്ച്പി നേതാക്കളെ ഒഴിവാക്കാനാവില്ലെന്ന് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വിധിച്ചിരുന്നു. കല്യാണ്‍സിങ് നിലവില്‍ രാജസ്ഥാന്‍ ഗവര്‍ണറാണ്. ഭരണഘടനാ പ്രകാരം ഈ സ്ഥാനത്ത് തുടരുവോളം അദ്ദേഹത്തിനെതിരേ ശിക്ഷ നടപ്പാക്കാനാവില്ല 

Tags:    

Similar News