യുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍; ഇരയ്‌ക്കെതിരേ കേസ്
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ പിലിഭത്ത് ജില്ലയില്‍ മുസ് ലിം യുവാവിനെ ക്രൂരമായി ആക്രമിച്ച് ഹിന്ദുത്വര്‍. ചെഞ്ചസ് ഖാന്‍ എന്ന യുവാവിനെയാണ് ബജ്‌റങ്ദള്‍ ജില്ലാപ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്. സപ്തംബര്‍ ഒന്നിന് നടന്ന ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. അക്രമികള്‍ യുവാവിനെ വടി കൊണ്ട് തല്ലുകയും സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത്രയും വലിയ രീതിയിലുള്ള ആക്രമണം നടന്നിട്ടും പോലിസ് പ്രത്യേകിച്ച് ഒരു നടപടിയും എടുക്കുകയോ ആക്രമണകാരികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാല്‍ സപ്തംബര്‍ മൂന്നിന് ചെഞ്ചസ് ഖാനെതിരേ മറ്റൊരു പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചെഞ്ചസ്ഖാന്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചെന്നും പറഞ്ഞാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനെതിരേ വലിയ രീതിയിലുള്ള പ്രതിഷേധമാണ് മുസ് ലിം സമുദായത്തില്‍ നിന്നുയരുന്നത്. ഇരയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിഐ ഓഫിസില്‍ പ്രതിഷേധം നടത്തി. ''നീതിക്കായി ഞങ്ങള്‍ എത്ര നാള്‍ കാത്തിരിക്കണം, ഇത് ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണമല്ല. മറിച്ച് മുഴുവന്‍ സമൂഹത്തിനും നേരെയുള്ള ആക്രമണമാണ്'' പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.