'ആര്‍എസ്എസ്സിനേയും നിരോധിക്കുക'; പോപുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കര്‍ണാടക കോണ്‍ഗ്രസ്

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സംഘടനയെയും നിരോധിക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കില്ലെന്ന് കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എസ്എസ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഈ സംഘടനയെയും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2022-09-29 01:53 GMT

ബെംഗളൂരു: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (പിഎഫ്‌ഐ) അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ സ്വയംസേവക സംഘത്തേയും (ആര്‍എസ്എസ്) നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ്. ആര്‍എസ്എസ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സംഘടനയെയും നിരോധിക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കില്ലെന്ന് കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എസ്എസ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഈ സംഘടനയെയും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ആര്‍എസ്എസ് സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. വിദ്വേഷ രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സംഘടനകളെയും നിരോധിക്കണം'- അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് അവര്‍ പിഎഫ്‌ഐയെ നിരോധിക്കാന്‍ വൈകിയതെന്നും തങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം, പൂച്ച എപ്പോഴും എലിയെ നോക്കുന്നതുപോലെ, സിദ്ധരാമയ്യ ആര്‍എസ്എസിനെ കുറ്റപ്പെടുത്താനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്ന് ആര്‍എസ്എസിനെ നിരോധിക്കണമെന്ന സിദ്ധരാമയ്യയുടെ ആവശ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

എന്ത് വികസനം ഉണ്ടായാലും അദ്ദേഹം അതിനെ ആര്‍എസ്എസുമായി ബന്ധിപ്പിക്കും. ആര്‍എസ്എസിന്റെ പേര് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് രാഷ്ട്രീയം തുടരാനാവില്ല. ആര്‍എസ്എസിനെ നിരോധിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ, മുഖ്യമന്ത്രി ബൊമ്മൈ ചോദിച്ചു.

പോപുലര്‍ഫ്രണ്ട് നിരോധനം ബിജെപിയുടെ രാഷ്ട്രീയ ഗിമ്മിക്കാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സെയ്ത് വിശേഷിപ്പിച്ചു. തന്‍വീര്‍ സേട്ടിനെതിരെ വധശ്രമം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബൊമ്മൈ ഈ പ്രസ്താവനയോട് പ്രതികരിച്ചു. പോപുലര്‍ഫ്രണ്ടിനെതിരേ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 'ഇപ്പോള്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തനിക്കെതിരായ കൊലപാതകശ്രമം അദ്ദേഹം മറന്നു, ഇപ്പോള്‍ ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നു, എന്ത് പറയാന്‍?' മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.

Tags:    

Similar News