പാസ്ബുക്ക് ചോദിച്ചിട്ട് നല്‍കിയില്ല; ഭാര്യയെ നിരവധി തവണ കുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്ക് നല്‍കാത്തതിന് ഭാര്യയെ കുത്തിക്കൊല്ലാന്‍ നോക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ചൊവ്വര ശ്രീമൂലനഗരത്ത് താമസിക്കുന്ന കൂവപ്പടി കൊടുവേലിപ്പടി കല്ലാര്‍കുടി വീട്ടില്‍ പ്രകാശി (48)നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. ജനുവരി 26ന് രാത്രി പതിനൊന്നരയോടെ ശ്രീമൂലനഗരത്തെ വീട്ടിലായിരുന്നു ആക്രമണമെന്ന് പോലിസ് പറഞ്ഞു. കിടപ്പുമുറിയില്‍ ഉറങ്ങികിടന്ന ഭാര്യയെ നിരവധി പ്രാവശ്യം കുത്തുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കാലടി, കോടനാട് സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു.