ഒബാമ ഉള്‍പ്പെടെ 500 അമേരിക്കക്കാര്‍ കരിമ്പട്ടികയില്‍; പ്രവേശനം വിലക്കി റഷ്യ

Update: 2023-05-20 05:38 GMT

മോസ്‌കോ: യുഎസ് ഉപരോധത്തിന് മറുപടിയായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെ 500 അമേരിക്കക്കാര്‍ക്ക് പ്രവേശനം വിലക്കി റഷ്യ. യുക്രെയ്ന്‍ ആക്രമണത്തെത്തുടര്‍ന്നാണ് റഷ്യയ്‌ക്കെതിരേ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. 'ബൈഡന്‍ ഭരണകൂടം പതിവായി ഏര്‍പ്പെടുത്തിയ റഷ്യന്‍ വിരുദ്ധ ഉപരോധങ്ങള്‍ക്ക് മറുപടിയായാണ് 500 അമേരിക്കക്കാര്‍ക്ക് റഷ്യന്‍ ഫെഡറേഷനിലേക്കുള്ള പ്രവേശനം നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

'റഷ്യയ്‌ക്കെതിരായ ഒരു ശത്രുതാപരമായ ഒരു ചുവടുവയ്പിനും തിരിച്ചടി ലഭിക്കാതിരിക്കില്ലെന്ന് നേരത്തേ പഠിക്കേണ്ടതായിരുന്നുവെന്നും പ്രസ്താവനയില്‍ അറിയിച്ചു. വിലക്കേര്‍പ്പെടുത്തിയവരില്‍ ഒബാമയെ കൂടാതെ ടെലിവിഷന്‍ അവതാരകരായ സ്റ്റീഫന്‍ കോള്‍ബെര്‍ട്ട്, ജിമ്മി കിമ്മല്‍, സേത്ത് മെയേഴ്‌സ് എന്നിവരും സിഎന്‍എന്‍ അവതാരക എറിന്‍ ബര്‍നെറ്റ്, എംഎസ്എന്‍ബിസി അവതാരകരായ റേച്ചല്‍ മാഡോ, ജോ സ്‌കാര്‍ബറോ എന്നിവരും ഉള്‍പ്പെടുന്നു

'റഷ്യോഫോബിക് മനോഭാവങ്ങളും വ്യാജങ്ങളും പ്രചരിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന സെനറ്റര്‍മാരെയും കോണ്‍ഗ്രസുകാരെയും തിങ്ക് ടാങ്കുകളിലെ അംഗങ്ങളെയും യുക്രെയ്‌നിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളുടെ മേധാവികളെയും കരിമ്പട്ടികയില്‍ പെടുത്തിയതായി റഷ്യ അറിയിച്ചു. ചാരവൃത്തി ആരോപിച്ച് മാര്‍ച്ചില്‍ അറസ്റ്റിലായ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചിന്റെ കോണ്‍സുലര്‍ പരിരക്ഷ ഒഴിവാക്കിയതായും പ്രസ്താവനയില്‍ പറഞ്ഞു.


Tags:    

Similar News