ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ്: ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെ; ഫോറന്‍സിക് റിപോര്‍ട്ട് പുറത്ത്
കല്‍പ്പറ്റ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയ കേസില്‍ നിര്‍ണായക ഫോറന്‍സിക് റിപോര്‍ട്ട് പുറത്ത്. ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. ഫോറന്‍സിക് റിപോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപോര്‍ട്ടാണ് പോലിസിന് ലഭിച്ചത്.
നേരത്തെ പരാതിക്കാരിയായ പ്രസീത അഴീക്കോട് ഇടപാടുകള്‍ സംബന്ധിച്ച് പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഈ ശബ്ദസന്ദേശം സുരേന്ദ്രന്റേതാണെന്ന് ഫോറന്‍സിക് പരിശോധയില്‍ സ്ഥിരീകരിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ്. കേസില്‍ ആരോപണ വിധേയനായ കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത് മലവയലിനുമെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയാവാന്‍ ജെആര്‍പി നേതാവായിരുന്ന സി കെ ജാനുവിന് ബിജെപി നേതാക്കള്‍ 35 ലക്ഷം രൂപ നല്‍കിയെന്ന ആരോപണമാണ് കേസിനാസ്പദമായ സംഭവം.
സി കെ ജാനുവിനൊപ്പമുണ്ടായിരന്ന പ്രസീത അഴീക്കോടാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്. കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും സി കെ ജാനു രണ്ടാം പ്രതിയുമാണ്. സുരേന്ദ്രന്‍ തിരുവനന്തപുരത്തുവച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും ജാനുവിന് നല്‍കിയെന്നാണ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്.
മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്‌റ്റേയില്‍ വച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെയാണ് ജാനുവിന് നല്‍കിയത്. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി കെ ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നും പ്രസീത പറയുന്നു. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു. കോഴ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പ്രസീത കൈമാറിയിരുന്നു. ഇതിന്റെ ആധികാരികതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.