ബിബിസി ഡോക്യുമെന്ററി വിവാദം: അനില്‍ കെ ആന്റണി കോണ്‍ഗ്രസ് പദവികള്‍ രാജിവച്ചു

Update: 2023-01-25 05:32 GMT

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വിവാദത്തിലായ അനില്‍ കെ ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍നിന്നും രാജിവച്ചു. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ എഐസിസിയുടെ സോഷ്യല്‍ മീഡിയ നാഷനല്‍ കോ-ഓഡിനേറ്റര്‍ അടക്കമുള്ള പദവികളാണ് രാജിവച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. ബിബിസി ഡോക്യുമെന്റി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിക്കെതിരേ ട്വിറ്ററില്‍ അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജി.

ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി രാജി വിവരം അറിയിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങളെന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ആഭ്യന്തരവിഷയത്തില്‍ രാജ്യത്തിന് പുറത്തുനിന്നുള്ള ഇടപെടലുകള്‍ രാജ്യത്തിന്റെ മതേതര നിലനില്‍പ്പിനെ തകര്‍ക്കുമെന്നായിരുന്നു ഡോക്യുമെന്ററിക്കെതിരായ അനില്‍ ആന്റണിയുടെ വാദം. ബിബിസിയേക്കാള്‍ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു. തനിക്കെതിരേ മോശം പ്രചാരണമുണ്ടായെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നും ആരോപിച്ചാണ് രാജി. അനില്‍ ആന്റണി നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു.

ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകളുമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ കച്ചിത്തുരുമ്പില്‍ പിടിച്ച് കോണ്‍ഗ്രസിനെ അപഹസിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരന്‍ വ്യക്തമാക്കി. യൂത്ത് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, കെ എസ് ശബരീനാഥന്‍, വി ടി ബല്‍റാം അടക്കം നിരവധി കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അനില്‍ ആന്റണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ രംഗത്തുവന്നിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.

Tags:    

Similar News