ബിഎഡ് ബിരുദം പ്രൈമറി സ്‌കൂള്‍ അധ്യാപകരാവാനുള്ള യോഗ്യതയല്ല: സുപ്രിം കോടതി
ന്യൂഡല്‍ഹി: ബിഎഡ് ബിരുദം പ്രൈമറി സ്‌കൂള്‍ അധ്യാപകരാവാനുള്ള യോഗ്യതയല്ലെന്ന് ആവര്‍ത്തിച്ച് സുപ്രിം കോടതി. ബിഎഡ് നിയമനങ്ങള്‍ റദ്ദാക്കിയ ചത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ വിധി. ഇത്തരം നിയമനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിലെടുക്കുന്ന ഡിപ്ലോമയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ദേവേഷ് ശര്‍മ വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ എന്ന കേസിലാണ് കോടതി രാജസ്ഥാന്‍ ഹൈക്കോടതിയുടെ കണ്ടത്തലുകള്‍ ശരിവച്ചത്. ബിഎഡ് ഉദ്യോഗാര്‍ഥികളെ പ്രൈമറി സ്‌കൂള്‍ അധ്യാപനത്തിന് യോഗ്യരാക്കിയ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എജ്യുക്കേഷന്റെ 2018ലെ വിജ്ഞാപനം സുപ്രിംക്കോടതി റദ്ദാക്കുകയും ചെയ്തു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2023നാണ് ബിഎഡ് ഉദ്യോഗാര്‍ഥികളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിവച്ചുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ചോദ്യം ചെയ്ത് ഒരു കൂട്ടം ഹരജികളാണ് സുപ്രിംകോടതിയില്‍ വന്നത്. ഈ ഹരജികളിലാണ് കോടതിയുടെ വിധി. ചത്തീസ്ഗഡ് സ്‌കൂള്‍ വിദ്യാഭ്യാസ സേവനങ്ങള്‍(വിദ്യാഭ്യാസ അഡ്മ്‌നിസേട്രേറ്റീവ് കേഡര്‍) റിക്രൂട്ട്‌മെന്റ് ആന്റ് പ്രമോഷന്‍ റൂള്‍സ്-2019 പ്രകാരം ബിഎഡ് പ്രാഥമിക അധ്യാപകരെ നിയമിക്കാനുള്ള യോഗ്യത ആണെന്നായിരിന്നു കേസില്‍ ബിഎഡ് ഉദ്യോഗാര്‍ഥികള്‍ വാദിച്ചത്.