തൊഴിലുടമയുടെ സാമ്പത്തികസ്ഥിതി മോശമെന്ന് പറഞ്ഞ് ആനുകൂല്യം നിഷേധിക്കാനാവില്ല: ഹൈക്കോടതി

തൊഴിലാളി അപേക്ഷിച്ചാലും ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി നല്‍കാന്‍ തൊഴിലുടമയ്ക്കു ബാധ്യതയുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി

Update: 2021-12-23 05:34 GMT

കൊച്ചി: തൊഴിലുടമയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന കാരണത്താല്‍ വിരമിച്ച ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി നിഷേധിക്കാനോ വൈകിക്കാനോ സാധിക്കില്ലെന്നു ഹൈക്കോടതി. തൊഴിലാളി അപേക്ഷിച്ചാലും ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി നല്‍കാന്‍ തൊഴിലുടമയ്ക്കു ബാധ്യതയുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി.

വൈകി നല്‍കിയ അപേക്ഷ അനുവദിച്ച് ഗ്രാറ്റുവിറ്റി വിതരണം ചെയ്യാന്‍ കോട്ടയത്തെ ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടതിനെതിരേ നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

സ്ഥാപനത്തിലെ സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ തൊഴിലാളികള്‍ക്കു പ്രയോജനകരമായ ഒരു നിയമത്തിന്റെ ഘടന മാറ്റിമറിക്കാനാവില്ലെന്നു കോടതി പറഞ്ഞു. റിട്ട് അധികാരത്തില്‍ ഇടപെടേണ്ടതില്ല. നിയന്ത്രണ അധികാരിയുടെ ഉത്തരവില്‍ പരാതി ഉണ്ടെങ്കില്‍ ചട്ടപ്രകാരം അപ്പീല്‍ അധികാരിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

വിരമിക്കുന്നതോ പിരിച്ചുവിടുന്നതോ ആയ ജീവനക്കാരനു ഗ്രാറ്റുവിറ്റി നല്‍കണമെന്നു ഗ്രാറ്റുവിറ്റി നിയമത്തിലെ 7(2) വകുപ്പനുസരിച്ച് വ്യവസ്ഥയുണ്ട്. അപേക്ഷിക്കാനുള്ള സമയപരിധി അതിനു ബാധകമല്ല. അപേക്ഷ ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി തിട്ടപ്പെടുത്തി നല്‍കാന്‍ തൊഴിലുടമയ്ക്കു ബാധ്യതയുണ്ടെന്നുള്ള 'കേരള സംസ്ഥാന സഹകരണ ബാങ്ക് കേസി'ലെ വിധി കോടതി ചൂണ്ടിക്കാട്ടി.

കമ്പനിയില്‍നിന്ന് 2019 ല്‍ വിരമിച്ച ഏതാനും ജീവനക്കാരാണ് ഗ്രാറ്റുവിറ്റി നിയന്ത്രണ അധികാരിയായ ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ക്കു പരാതി നല്‍കിയത്. അപേക്ഷ നല്‍കാന്‍ വൈകിയതു വകവച്ചു നല്‍കിക്കൊണ്ട് ഗ്രാറ്റുവിറ്റി തുക നല്‍കണമെന്ന് ഉത്തരവിട്ടതു ചോദ്യം ചെയ്താണു ഹരജി.

Tags:    

Similar News