മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തി വെസ്റ്റ് ബംഗാള്‍ ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. 46 ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ ബംഗാള്‍ ചാമ്പ്യന്‍മാരായി. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്. 1989,1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ സന്തോഷ് ട്രോഫി ഫൈനലില്‍ സ്വന്തം മൈതാനത്ത് വെച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. നിലവിലെ കേരളാ കീപ്പര്‍ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്. മെയ് രണ്ടിന് രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.
ആദ്യ പകുതി
ആദ്യ ഇലവനില്‍ ഒരു മാറ്റവുമായി ആണ് വെസ്റ്റ് ബംഗാള്‍ മണിപ്പൂരിനെതിരെ സെമിക്ക് ഇറങ്ങിയത്. 2 ാം മിനുട്ടില്‍ തന്നെ ബംഗാള്‍ ലീഡ് എടുത്തു. ബോക്‌സിന്റെ വലതു കോര്‍ണറില്‍ നിന്ന് സുജിത്ത് സിങ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി എടുത്ത കിക്ക് മണിപ്പൂര്‍ ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ പിച്ച് ചെയ്ത് ഗോളായി മാറി. 7 ാം മിനുട്ടില്‍ ബംഗാള്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ബോള്‍ മണിപ്പൂര്‍ ഗോള്‍കീപ്പറും പ്രതിരോധ താരങ്ങളും തട്ടിഅകറ്റാന്‍ ശ്രമിക്കവെ ബോക്‌സിന് തൊട്ടുമുന്നിലായി നിലയുറപ്പിച്ച ഫര്‍ദിന്‍ അലി മൊല്ലയ്ക്ക് ലഭിച്ചു. ഒരു പ്രതിരോധ താരത്തെ കബളിപ്പിച്ച് ഗോളാക്കി മാറ്റി. 32 ാം മിനുട്ടില്‍ മണിപ്പൂരിന് അവസരം ലഭിച്ചു. ഉയര്‍ത്തി നല്‍ക്കിയ കോര്‍ണര്‍ കിക്ക് സുധീര്‍ ലൈതോജം ആദ്യം ഹെഡ് ചെയ്‌തെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് തട്ടിഅകറ്റി. തുടര്‍ന്ന് ലഭിച്ച പന്ത് റോമന്‍ സിങ് രണ്ട് തവണ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍കീപ്പറും പ്രതിരോധ താരങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. 41 ാം മിനുട്ടില്‍ മണിപ്പൂരിന് വീണ്ടും അവസരം ലഭിച്ചു. കോര്‍ണര്‍ കിക്ക് ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടിഅകറ്റവെ ലഭിച്ച അവസരം ജെനിഷ് സിങ് ഗോല്‍കീപ്പര്‍ ഇല്ലാത്ത പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഒടിയെത്തിയ കീപ്പര്‍ തട്ടിഅകറ്റി.
രണ്ടാം പകുതി
ആദ്യ പകുതിയിലെ പോരാട്ടവീര്യം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാണാന്‍ സാധിച്ചില്ല. 60 ാം മിനുട്ടില്‍ മണിപ്പൂരിന് അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് സോമിഷോന്‍ ഷിക് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് സുധീര്‍ ലൈതോജം സിങ് നഷ്ടപ്പെടുത്തി. 66 ാം മിനുട്ടില്‍ മണിപ്പൂര്‍ സ്‌െ്രെടക്കര്‍ സോമിഷോന്‍ ഷികിന് ലഭിച്ച അവസരം നഷ്ടപ്പെടുത്തി. 74 ാം മിനുട്ടില്‍ ബംഗാള്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍ നിന്ന് ദിലിപ് ഓര്‍വന്‍ അടിച്ച പന്ത് സെകന്റ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങുകയായിരുന്നു.